എംബപ്പേയും ഡേവിസുമൊക്കെ റയലിലെത്തും,അവരെക്കൊണ്ടതിന് സാധിക്കും,പക്ഷേ ബാഴ്സക്കാവില്ല: ടെബാസ്

സമീപകാലത്ത് നിരവധി യുവ പ്രതിഭകളെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള ക്ലബ്ബാണ് റയൽ മാഡ്രിഡ്. വരുന്ന സമ്മറിലും മികച്ച താരങ്ങൾ റയൽ മാഡ്രിഡിൽ എത്തും എന്നത് ഉറപ്പാണ്.എൻഡ്രിക്ക് അടുത്ത സമ്മറിലാണ് ക്ലബ്ബിൽ ജോയിൻ ചെയ്യുക. അതുപോലെതന്നെ എംബപ്പേ റയൽ മാഡ്രിഡിലേക്കാണെന്ന് പല മാധ്യമങ്ങളും സ്ഥിരീകരിച്ചു കഴിഞ്ഞു.ബയേണിന്റെ സൂപ്പർ താരമായ അൽഫോൻസോ ഡേവിസിന് വേണ്ടിയുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് തുടർന്നുകൊണ്ടിരിക്കുകയാണ്.

ഡേവിസും എംബപ്പേയും റയലിലേക്ക് എത്തും എന്നതിന്റെ സൂചനകൾ ഇപ്പോൾ ലാലിഗ പ്രസിഡണ്ടായ ടെബാസ് നൽകിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ സാമ്പത്തിക സ്ഥിതി മികച്ച നിലയിലാണ് ഉള്ളതൊന്നും എന്നാൽ ബാഴ്സക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയില്ല എന്നും ടെബാസ് പറഞ്ഞിട്ടുണ്ട്. ലാലിഗ പ്രസിഡന്റിന്റെ വാക്കുകളെ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” നിലവിൽ എംബപ്പേ റയൽ മാഡ്രിഡിൽ എത്താനുള്ള സാധ്യത 60 ശതമാനത്തിന് മുകളിലാണ്.എംബപ്പേ കോൺട്രാക്ട് പുതുക്കാത്തിടത്തോളം കാലം ഓരോ ദിവസം കൂടുംതോറും ഈ ശതമാനം വർദ്ധിക്കുക തന്നെ ചെയ്യും.അൽഫോൺസോ ഡേവിസിന്റെ കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ എനിക്കില്ല.എംബപ്പേയെ സൈൻ ചെയ്യാൻ അവർക്ക് എത്ര ചെലവ് വരും എന്നതും എനിക്കറിയില്ല. പക്ഷേ ഇതൊക്കെ റയൽ മാഡ്രിഡിനെ കൊണ്ട് കഴിയും. കാരണം അവരുടെ സാമ്പത്തിക നിലഭദ്രമാണ്. പക്ഷേ ബാഴ്സലോണക്ക് സമീപകാലത്തൊന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടില്ല “ഇതാണ് ലാലിഗ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ കുറെ വർഷങ്ങളായി ബാഴ്സലോണയെ അലട്ടുന്നുണ്ട്.അതിൽനിന്ന് ഇപ്പോഴും കരകയറാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു ലയണൽ മെസ്സിക്ക് പോലും ബാഴ്സലോണ വിടേണ്ടിവന്നത്. മെസ്സി ക്ലബ്ബ് വിട്ടിട്ട് പോലും സാമ്പത്തികപരമായി ഒന്ന് നിവർന്ന് നിൽക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *