ഉപദേശങ്ങളാവിശ്യമില്ലാത്ത കലാകാരനാണ് മെസ്സിയെന്ന് എൻറിക്വെ

സൂപ്പർ താരം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തി മുൻ ബാഴ്സ പരിശീലകനും നിലവിലെ സ്പെയിൻ കോച്ചുമായ ലൂയിസ് എൻറിക്വെ. സ്പെയിൻ നാഷണൽ ടീമിന് വേണ്ടി സംഘടിപ്പിച്ച ചോദ്യോത്തരവേളയിലാണ് എൻറിക്വെ മെസ്സിയെ കുറിച്ച് മനസ്സ് തുറന്നത്. ഉപദേശങ്ങളാവിശ്യമില്ലാത്ത കലാകാരൻ എന്നാണ് മെസ്സിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ബാഴ്സയിൽ മെസ്സിയുമായുള്ള അനുഭവങ്ങൾ പങ്കുവെക്കാനും അദ്ദേഹം മറന്നില്ല. എങ്ങനെയായിരുന്നു മെസ്സിയെ പരിശീലിപ്പിച്ചത് എന്ന ചോദ്യത്തിനുത്തരമായാണ് അദ്ദേഹം മെസ്സിയെ പറ്റി വാചാലനായത്.

” മെസ്സിയോട് എങ്ങനെ ഡ്രിബ്ൾ ചെയ്യണമെന്നോ എങ്ങനെ പാസ്സ് നൽകണമെന്നോ എങ്ങനെ ഷോട്ട് അടിക്കണമെന്നോ എന്ന് ഞാൻ ഒരിക്കലും പറഞ്ഞുനൽകിയിട്ടില്ല. കാരണം അദ്ദേഹമൊരു കലാകാരനാണ്. ഈ കാര്യങ്ങളിൽ ഒരിക്കൽ പോലും ഉപദേശങ്ങൾ ആവിശ്യമില്ലാത്ത കലാകാരനാണ് മെസ്സി. പക്ഷെ ചില സമയങ്ങളിൽ, അതായത് സാഹചര്യങ്ങളോ സമ്പ്രദായങ്ങളോ മാറുന്ന സന്ദർഭത്തിൽ ഞാൻ അദ്ദേഹത്തിന് നിർദേശങ്ങൾ നൽകാറുണ്ട്. എപ്പോഴാണോ മത്സരത്തിൽ സമ്മർദ്ദം ഉണ്ടാക്കേണ്ട അവസരങ്ങൾ, എപ്പോഴാണോ ബോൾ ആവിശ്യമായ സന്ദർഭം, എപ്പോഴാണോ കളത്തിൽ ബോൾ സ്വീകരിക്കാൻ സ്ഥലം ആവിശ്യമായി വരുന്നത്, ഈ സന്ദർഭങ്ങളിലെല്ലാം തന്നെ അദ്ദേഹത്തെ സ്വാധീനിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ടായിരുന്നു ” എൻറിക്വെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *