ഇരുപത്തിയേഴുവയസ്സിനിടെ സുപ്രധാനമായ നിരവധികിരീടനേട്ടങ്ങൾ, വരാനെയുടെ കഥ ഇങ്ങനെ !

ഓരോ ഫുട്ബോൾ താരത്തിന്റെ ചിരകാലാഭിലാഷമായിരിക്കും വേൾഡ് കപ്പും യുവേഫ ചാമ്പ്യൻസ് ലീഗും ഒക്കെ നേടുക എന്നത്. ഇവ രണ്ടും നേടാൻ ഭാഗ്യം ലഭിച്ച താരങ്ങളും ഫുട്ബോൾ ചരിത്രത്തിലുണ്ട്. എന്നാൽ ഇരുപത്തിയേഴ് വയസ്സിനുള്ളിൽ ഇവ രണ്ടുമുൾപ്പടെ പത്തൊൻപത് സുപ്രധാനകിരീടങ്ങൾ നേടിയ ഒരു താരമുണ്ട്. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് പ്രതിരോധനിര താരം റാഫേൽ വരാനെ. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കൂടെ നേടിയതോടെയാണ് വരാനെ തന്റെ കിരീടനേട്ടം പത്തൊമ്പതായി വർധിപ്പിച്ചത്. ഒരു വേൾഡ് കപ്പ്, നാലു ചാമ്പ്യൻസ് ലീഗ്, നാല് ക്ലബ് വേൾഡ് കപ്പ്, മൂന്ന് ലാലിഗ, മൂന്ന് യുവേഫ സൂപ്പർ കപ്പ്, മൂന്ന് സൂപ്പർ കോപ്പ ഡി എസ്പാന, ഒരു കോപ്പ ഡെൽ റേ എന്നിവയാണ് വരാനെ ഇതുവരെ നേടിയ കിരീടങ്ങൾ. ഇതിൽ തന്നെ പലതിലും സുപ്രധാനപങ്ക് വഹിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വേൾഡ് കപ്പിൽ എല്ലാ മിനുട്ടുകളും കളിച്ച താരമാണ് വരാനെ.

2011 -ൽ ലെൻസിൽ നിന്നാണ് വരാനെ റയലിൽ എത്തുന്നത്. പതിനെട്ട് വയസ്സായിരുന്നു അന്ന് പ്രായം. വൈകാതെ തന്നെ റയൽ മാഡ്രിഡിന്റെ ആദ്യഇലവനിൽ സ്ഥാനം നേടാൻ താരത്തിനായി. 2011-ലെ ലാലിഗ കിരീടം റയലിനൊപ്പം വരാനെ നേടി. പിന്നീട് ഹാട്രിക് ചാമ്പ്യൻസ് ലീഗുൾപ്പടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് വരാനെ തന്റെ കരിയറിൽ കൂട്ടിച്ചേർത്തത്. തന്റെ പതിനേഴാം വയസ്സിൽ മാത്രം പ്രൊഫഷണൽ കരിയർ തുടങ്ങിയ താരം ഇരുപത്തിയേഴാം വയസ്സിൽ പത്തൊൻപത് കിരീടങ്ങളാണ് നേടിയത്. കരിയറിൽ ആകെ നാന്നൂറോളം മത്സരങ്ങളും വരാനെ കളിച്ചിട്ടുണ്ട്. ഏതായാലും ഇനിയും കരിയർ ഒരുപാട് ബാക്കി നിൽക്കെ കിരീടങ്ങൾ വാരികൂട്ടാമെന്ന പ്രതീക്ഷയിലാണ് വരാനെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!