ആരാണീ ടെബാസ്? ലാലിഗ പ്രസിഡന്റിന് ചുട്ട മറുപടിയുമായി ഖലീഫി!
സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കരാർ പിഎസ്ജി പുതുക്കിയതുമായി ബന്ധപ്പെട്ടു കൊണ്ട് വലിയ വിവാദങ്ങളായിരുന്നു ഫുട്ബോൾ ലോകത്ത് ഉയർന്നു വന്നിരുന്നത്.ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് പിഎസ്ജിക്കെതിരെയും പ്രസിഡന്റായ നാസർ അൽ ഖലീഫിക്കെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിരുന്നു. മാത്രമല്ല എംബപ്പേയുടെ കരാർ പുതുക്കിയത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ടെബാസ് യുവേഫക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ഏതായാലും ഈ വിഷയത്തിൽ പിഎസ്ജി പ്രസിഡന്റായ ഖലീഫി ടെബാസിന് ചുട്ട മറുപടി നൽകിയിട്ടുണ്ട്.ആരാണീ ടെബാസ് എന്നാണ് പരിഹാസരൂപേണ ഖലീഫി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖലീഫിയുടെ വാക്കുകൾ ഇങ്ങനെയാണ്.
⚡ Nasser Al-Khelaïfi se paye Javier Tebas, le président de la Liga, lors d’un entretien auprès du journal Marca.
— RMC Sport (@RMCsport) June 21, 2022
🗣 "Qui est Tebas ? Je ne connais pas cette personne."
” ആരാണീ ടെബാസ്? എനിക്ക് ആ വ്യക്തിയെ അറിയില്ല. ഞങ്ങളുടെ രീതി എന്തെന്നാൽ മറ്റുള്ള ക്ലബ്ബുകളുടെ കാര്യത്തിലോ ഫെഡറേഷനുകളുടെ ഇടപെടാതിരിക്കുക എന്നുള്ളതാണ്. പക്ഷേ ഞങ്ങളെ ഇങ്ങോട്ട് പാഠം പഠിപ്പിക്കാൻ ആരും വരേണ്ടതില്ല.എംബപ്പേയുടെ കരാർ ഞങ്ങൾ പുതുക്കിയത് എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ്.ഈ ടെബാസ് ഈ പറയുന്ന ഒന്നും തന്നെ ഞാൻ കാര്യമായി എടുക്കുന്നില്ല. മെസ്സിയെ കൊണ്ടുവരാൻ സാമ്പത്തികപരമായി ഞങ്ങൾക്ക് സാധിക്കില്ലെന്ന് പറഞ്ഞവരാണ് അവർ. എന്നാൽ ഇപ്പോൾ നോക്കൂ. മെസ്സിയെ ഞങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തം ചാമ്പ്യൻഷിപ്പിൽ എങ്ങനെ ഫോക്കസ് ചെയ്യണമെന്നുള്ളതിനെ കുറിച്ച് അദ്ദേഹത്തിന് യാതൊരുവിധ ഐഡിയയും ഇല്ല. എന്തെന്നാൽ ആ ചാമ്പ്യൻഷിപ്പ് ഏറെക്കുറെ ജീവച്ഛവമായിട്ടുണ്ട് ” ഇതാണ് ഖലീഫി പറഞ്ഞിട്ടുള്ളത്.
ഏതായാലും പിഎസ്ജിയും ലാലിഗയും തമ്മിലുള്ള പോരാട്ടം അതിന്റെ മൂർദ്ധനാവസ്ഥയിൽ എത്തി നിൽക്കുകയാണിപ്പോൾ.