ആഞ്ചലോട്ടി ചതിയൻ,വൃത്തികെട്ട ഫുട്ബോളിന്റെ ഭാഗമായിരുന്നു : ആഞ്ഞടിച്ച് മുൻ യുവന്റസ് ഡയറക്ടർ!

2006-ലായിരുന്നു ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ കാൽസിയോപോളി അഴിമതി പുറത്തേക്ക് വന്നിരുന്നത്.യുവന്റസ് ഉൾപ്പെടുന്ന ചില ഇറ്റാലിയൻ ക്ലബ്ബുകൾ ഒത്തുകളി നടത്തുകയായിരുന്നു. ഇതോടെ 2004-05 സീസണിൽ യുവന്റസ് നേടിയ സിരി എ കിരീടം നീക്കം ചെയ്യുകയായിരുന്നു. കൂടാതെ സിരി ബിയിലേക്ക് യുവന്റസിനെ തരംതാഴ്ത്തുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഈയിടെ കാർലോ ആഞ്ചലോട്ടി നടത്തിയിരുന്നു. അതായത് ആ ഒത്തുകളി വിവാദം ഇറ്റാലിയൻ ഫുട്ബോളിനെ ശുദ്ധീകരിച്ചു എന്നായിരുന്നു ആഞ്ചലോട്ടി പറഞ്ഞിരുന്നത്. ഇതിനെതിരെ മുൻ യുവന്റസ് ഡയറക്ടറായ ലൂസിയാനോ മോഗി രംഗത്ത് വന്നിട്ടുണ്ട്.ആഞ്ചലോട്ടി ഒരു ചതിയനാണെന്നും അദ്ദേഹവും വൃത്തികെട്ട ഫുട്ബോളിന്റെ ഭാഗമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മോഗിയുടെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ആഞ്ചലോട്ടിയും യുവന്റസിന്റെ ഭാഗമായിരുന്നു എന്നുള്ളത് അദ്ദേഹം മറക്കാൻ പാടില്ല. അദ്ദേഹം ഇപ്പോൾ സ്വയം റിപ്പോർട്ട്‌ ചെയ്യുകയാണ്. ഈ വൃത്തികെട്ട ഫുട്ബോളിന്റെ ഭാഗമായിരുന്നു അദ്ദേഹവും. പക്ഷേ അത് അദ്ദേഹം ആസ്വദിക്കുകയായിരുന്നു. ഒരു പരിശീലകൻ എന്ന നിലയിൽ ആഞ്ചലോട്ടി വളരുന്ന ഒരു സമയമായിരുന്നു അത്.അക്കാലത്ത് അദ്ദേഹം എന്നോട് പരാതിപ്പെടാനായി വന്നതൊക്കെ എനിക്ക് ഓർമ്മയുണ്ട്. റോമയെ കിരീടം നേടാൻ അനുവദിച്ച സമനില ഗോളിന് പിറകിൽ അദ്ദേഹത്തിന്റെ കരങ്ങൾ ഉണ്ടായിരുന്നു. ഈ വൃത്തികെട്ട കളി മുതലെടുക്കാൻ ആഞ്ചലോട്ടി അന്ന് സജീവമായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം ചതിച്ചു.ആഞ്ചലോട്ടി യഥാർത്ഥത്തിൽ ഒരു ചതിയനാണ്” ഇതാണ് മോഗി പറഞ്ഞിട്ടുള്ളത്.

ഈ ഒത്തുകളി വിവാദം നടക്കുമ്പോൾ എസി മിലാന്റെ പരിശീലകനായിരുന്നു ആഞ്ചലോട്ടി.എസി മിലാനും ഒത്തുകളിയുടെ ഭാഗമായിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *