അർഹിച്ച പരിഗണനയില്ല, എംബപ്പേ വരുന്നതോടെ വിനീഷ്യസ് റയൽ വിടണം!

ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതെ 44 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇരുപതിൽപരം ഗോളുകളും 20ൽ പരം അസിസ്റ്റുകളും അദ്ദേഹം കഴിഞ്ഞ സീസണിൽ നേടിയിട്ടുണ്ട്.പക്ഷേ അതിന് അർഹമായ ഒരു പരിഗണന അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

അതായത് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. 2023ലെ ഫിഫയുടെ ബെസ്റ്റ് താരത്തിനുള്ള 12 പേരുടെ നോമിനി പട്ടികയിൽ പോലും ഇടം നേടാൻ വിനീഷ്യസിന് സാധിച്ചിട്ടില്ല. കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്തിട്ടും അദ്ദേഹത്തെ തഴയുകയാണ് ചെയ്തിട്ടുള്ളത്. ഇത്രയും മികച്ച രൂപത്തിൽ റയലിന് വേണ്ടി കളിച്ചിട്ടും അർഹമായ ഒരു പരിഗണന ഈ ബ്രസീലിയൻ താരത്തിന് ലഭിക്കുന്നില്ല എന്ന് തന്നെയാണ് ഗോൾ ഡോട്ട് കോം പറഞ്ഞുവെക്കുന്നത്.

വരുന്ന സമ്മറിൽ എംബപ്പേയെ കൊണ്ടുവരാൻ റയൽ മാഡ്രിഡിന് പദ്ധതികൾ ഉണ്ട്. അതായത് എംബപ്പേ വന്നു കഴിഞ്ഞാൽ വിനീഷ്യസിന്റെ പ്രസക്തി നഷ്ടമാകുമെന്നാണ് ഇവരുടെ കണ്ടെത്തൽ.എംബപ്പേയും വിനീഷ്യസും ഒരേ പൊസിഷനിലാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ വിനിക്ക് അവസരങ്ങൾ നഷ്ടമായേക്കാം. മാത്രമല്ല മികച്ച പ്രകടനം നടത്തിയാൽ പോലും എംബപ്പേക്കോ ലഭിക്കുന്ന ഹൈപ്പോ പ്രശംസയോ ഈ താരത്തിന് ലഭിച്ചെന്നു വരില്ല. അതുകൊണ്ടുതന്നെ എംബപ്പേ വരികയാണെങ്കിൽ വിനി നിർബന്ധമായും റയൽ വിടണം എന്നാണ് ഇവരുടെ അഭിപ്രായം.

നിലവിൽ ഫുട്ബോൾ ലോകത്ത് ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് വിനീഷ്യസ് ജൂനിയർ.പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ വിൽക്കുക എന്നുള്ളത് റയലിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കില്ല. പക്ഷേ ക്ലബ്ബ് അദ്ദേഹത്തെ കൈവിടാൻ തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഏതായാലും എംബപ്പേ വരുന്നതോടുകൂടി വിനീഷ്യസ് ചില മാറ്റങ്ങൾക്ക് വിധേയനാകേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *