അവൻ മെസ്സിയെ പോലെ : 15കാരനെ പ്രശംസിച്ച് സാവി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ എഫ്സി ബാഴ്സലോണ സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബാഴ്സ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ മറ്റൊരു റെക്കോർഡ് കൂടി പിറന്നിരുന്നു. അതായത് കേവലം 15 വയസ്സ് മാത്രം പ്രായമുള്ള ലാമിനെ യമാൽ ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.21ആം നൂറ്റാണ്ടിൽ ബാഴ്സക്ക് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കിയിട്ടുണ്ട്.

മാത്രമല്ല ബാഴ്സയുടെ പരിശീലകനായ സാവി യമാലിനെ പ്രശംസിച്ചിട്ടുമുണ്ട്. പ്രതിഭയുടെ കാര്യത്തിൽ ലയണൽ മെസ്സിയെ പോലെയാണ് യമാൽ എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. താരത്തെ കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു.സാവിയുടെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഇത് മഹത്തായ ഒരു രാത്രിയാണ്.അദ്ദേഹത്തിന്റെതായ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു.15 വയസ്സ് മാത്രമാണ് ഉള്ളത്.വളരെയധികം പ്രതിഭയുള്ള സ്പെഷ്യലായിട്ടുള്ള ഒരു താരമാണ് അവൻ.തന്റെ കഴിവ് എന്താണ് എന്നുള്ളത് അവൻ തെളിയിച്ചതാണ്.ഒന്നിനെയും ഭയപ്പെടുന്നില്ല,ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും അദ്ദേഹത്തിന് സാധിക്കും. വളരെ വലിയ ഭാവിയുള്ള താരമാണ് എന്നുള്ളത് അദ്ദേഹത്തിന്റെ പരിശീലനം കണ്ടാൽ തന്നെ മനസ്സിലാവും. ഫുട്ബോളിൽ അധികമൊന്നും കാണാത്ത രൂപത്തിലുള്ള ടാലന്റ് ആണ് അദ്ദേഹത്തിനുള്ളത്. പ്രതിഭയുടെ കാര്യത്തിൽ ലയണൽ മെസ്സി,ഫാറ്റി എന്നിവരെ പോലെയാണ് യമാൽ. ഒരു 15 കാരനാണ് കളിക്കുന്നത് എന്നുള്ളത് അദ്ദേഹത്തെ കണ്ടാൽ നമുക്ക് തോന്നുക പോലുമില്ല.അത്രയേറെ പക്വതയോടു കൂടി കളിക്കുന്നു. പ്രായത്തേക്കാൾ പക്വത അദ്ദേഹത്തിനുണ്ട്.ലയണൽ മെസ്സി പരിശീലനങ്ങളിൽ വളരെയധികം ആത്മവിശ്വാസം കാണിച്ചിരുന്നു. അതുപോലെ തന്നെയാണ് യമാലും. തീർച്ചയായും ഈ ക്ലബ്ബിൽ ചിലത് അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിയും ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ബാഴ്സലോണയുടെ യൂത്ത് ടീമിലൂടെ വളർന്നിട്ടുള്ള മുന്നേറ്റ നിര താരമാണ് യമാൽ. അദ്ദേഹത്തിന് ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ബാഴ്സ ഇത്തവണത്തെ ലാലിഗ കിരീടം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *