അത്‌ മനോഹരമായ ഓർമ്മ, മറഡോണക്ക്‌ നൽകിയ ട്രൈബ്യൂട്ടിനെ കുറിച്ച് മെസ്സി പറയുന്നു !

ഇന്നലെയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് പിച്ചിച്ചി അവാർഡ് സമ്മാനിക്കപ്പെട്ടത്. അതിന് ശേഷം മാർക്കക്ക്‌ നൽകിയ അഭിമുഖത്തിൽ മെസ്സി കുറച്ചു കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. അതോടൊപ്പം തന്നെ മറഡോണക്ക്‌ നൽകിയ ആ ട്രൈബ്യൂട്ടിനെ കുറിച്ച് സംസാരിക്കാനും മെസ്സി മറന്നില്ല. കഴിഞ്ഞ മാസം ലോകത്തോട് വിടപറഞ്ഞ ഇതിഹാസതാരം മറഡോണക്ക്‌ മെസ്സി തന്റെ ഗോൾ സമർപ്പിച്ചു കൊണ്ടായിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചത്. ഒസാസുനക്കെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടിയ ശേഷം മെസ്സി ന്യൂവെൽ ഓൾഡ് ബോയ്സിന്റെ പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ഇരുകൈകളുമുയർത്തി ആ ഗോൾ മറഡോണക്ക്‌ സമർപ്പിക്കുകയായിരുന്നു. ആ ഗോളാഘോഷത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണിപ്പോൾ ലയണൽ മെസ്സി. മനോഹരമായ ഒരു ഓർമ്മ എന്നാണ് മെസ്സി ആ നിമിഷത്തെ വിവരിച്ചത്.

” അത്‌ വളരെയധികം പ്രത്യേകതയുള്ള ഒരു ദിവസമായിരുന്നു. ഭാഗ്യവശാൽ അന്നെനിക്ക് ഗോൾ നേടാനും അത്‌ ഡെഡിക്കേറ്റ് ചെയ്യാനും സാധിച്ചു. ചെറിയ ഒരു ട്രൈബ്യൂട്ട് നൽകാൻ ഞാൻ മുമ്പ് തന്നെ തയ്യാറെടുത്തിരുന്നു. എനിക്ക് എന്റെ അടയാളം രേഖപ്പെടുത്താനും ആ ജേഴ്സി കാണിച്ചു കൊണ്ടു ട്രൈബ്യൂട്ട് നൽകാനും സാധിച്ചു. അതൊരു മനോഹരമായ ഓർമ്മയാണ്. പ്രത്യേകതയുള്ള ദിവസവുമായിരുന്നു ” മെസ്സി മാർക്കയോട് പറഞ്ഞു. നവംബർ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഇതിഹാസതാരം മറഡോണ വിടപറഞ്ഞത്. അറുപത് വയസ്സായിരുന്നു. ലോകം ഒന്നടങ്കം അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *