അതിന് ശേഷം മെസ്സിയോട് മിണ്ടിയിട്ടില്ല : ലാപോർട്ട!

എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായി ജോയൻ ലപോർട്ട തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പലരും വിശ്വസിച്ചിരുന്നത് ലയണൽ മെസ്സി എഫ്സി ബാഴ്സലോണയുമായി കരാർ പുതുക്കി ബാഴ്‌സയിൽ തുടരുമെന്ന് തന്നെയായിരുന്നു. എന്നാൽ ലപോർട്ട പ്രസിഡന്റായിട്ടും സ്ഥിതിഗതികളിൽ വലിയ മാറ്റം സംഭവിച്ചില്ല. ഫലമോ ലയണൽ മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറുകയും ചെയ്തു. ഏതായാലും ലയണൽ മെസ്സി ബാഴ്‌സ വിട്ടതിന് ശേഷം ഇതുവരെ അദ്ദേഹത്തോട് ഒന്നും തന്നെ സംസാരിച്ചിട്ടില്ല എന്ന കാര്യം വെളിപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ജോയൻ ലാപോർട്ട.മെസ്സി ബാഴ്‌സ വിടുന്നതിനു മുന്നേ തന്നെ ഗ്രീസ്‌മാൻ ബാഴ്‌സ വിടുകയും താരങ്ങൾ സാലറി കുറക്കുകയും ചെയ്താലും മെസ്സിക്ക് ബാഴ്‌സയിൽ തുടരാൻ സാധിക്കുമായിരുന്നില്ലെന്നും ലാപോർട്ട അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം എസ്പോർട്ട് ത്രീയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മെസ്സി ബാഴ്‌സ വിടുന്നതിന് മുമ്പേ ഗ്രീസ്‌മാൻ ബാഴ്‌സ വിടുകയും ക്യാപ്റ്റൻമാർ സാലറി കുറക്കുകയും ചെയ്താലും മെസ്സിക്ക് ബാഴ്‌സയിൽ തുടരാൻ സാധിക്കുമായിരുന്നില്ല.പക്ഷേ ബാഴ്‌സയുടെ സാലറി ക്യാപ് കുറക്കൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.കാരണം അടുത്ത ബാഴ്‌സ കുറച്ചു കൂടി അഭിലാഷമുള്ളവരാണ്.മെസ്സിയുടെ കാര്യത്തിൽ സംഭവിച്ചതിൽ അദ്ദേഹവും ഞങ്ങളും ദുഖിതരാണ്.കാരണം ഞങ്ങൾ ആഗ്രഹിച്ച ഒരു സാഹചര്യമല്ല അവിടെ ഉടലെടുത്തതും സംഭവിച്ചതും.മെസ്സി ബാഴ്‌സ വിട്ടതിന് ശേഷം ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല.അദ്ദേഹത്തിന്റെ പിഎസ്ജിയിലെ അരങ്ങേറ്റം ഞാൻ കണ്ടിരുന്നു.ബാഴ്‌സയുടെ എതിരാളികളായ മറ്റൊരു ടീമിൽ അദ്ദേഹത്തെ കണ്ടത് തീർത്തും വിചിത്രമായി തോന്നി.അദ്ദേഹത്തെ മറ്റൊരു ജേഴ്സിയിൽ കാണാൻ ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല ” ലാപോർട്ട പറഞ്ഞു.നിലവിൽ അർജന്റീന ടീമിനൊപ്പമുള്ള മെസ്സി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക്‌ ശേഷം പാരീസിൽ തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *