അടുത്ത വർഷം ഒരുമിച്ച് കളിക്കുമെന്ന നെയ്മറുടെ പ്രസ്താവന, മെസ്സിയുടെ പ്രതികരണമിങ്ങനെ !

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിന് ശേഷം നെയ്മർ ജൂനിയർ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം വീണ്ടും കളിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അടുത്ത വർഷം അത്‌ സാധ്യമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നുമാണ് നെയ്മർ അറിയിച്ചിരുന്നത്. ഇതിനെ തുടർന്ന് മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി ഒട്ടേറെ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാലിപ്പോൾ ഈ വിഷയത്തിൽ മെസ്സി തന്നെ നേരിട്ട് പ്രതികരണമറിയിച്ചിരിക്കുകയാണ്. നെയ്മറെ ബാഴ്‌സയിലേക്ക് തിരികെ കൊണ്ട് വരൽ ഒരല്പം ബുദ്ധിമുട്ട് ആണെന്നും ഒരുമിച്ച് കളിക്കുന്നതിനെ കുറിച്ച് ഞങ്ങൾ മൂന്ന് പേരും എപ്പോഴും സംസാരിക്കാറുണ്ടെന്നും മെസ്സി കൂട്ടിച്ചേർത്തു.

” പുതിയ താരങ്ങളെ ബാഴ്‌സയിലേക്ക്‌ എത്തിക്കൽ ബുദ്ധിമുട്ടാണ്. കാരണം അതിന് പണം ആവിശ്യമുണ്ട്. ബാഴ്സയുടെ പക്കൽ അതില്ല. ടീമിൽ ഒരുപാട് താരങ്ങൾ കളിക്കുന്നുണ്ട്. അവർക്കെല്ലാം പണം നൽകേണ്ടതുണ്ട്. നെയ്മർ എല്ലാ അർത്ഥത്തിലും ചിലവേറിയതാണ് എന്ന് നിങ്ങൾ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. നെയ്മറെ ബാഴ്സയിലേക്ക് എത്തിക്കാൻ എങ്ങനെ പിഎസ്ജിക്ക്‌ പണം നൽകും?. അത് എളുപ്പമുള്ള കാര്യമല്ല. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ. ഒരു സങ്കീർണമായ അവസ്ഥയാണ് നിലവിലുള്ളത്. വളരെയധികം സമർത്ഥമായി പ്രവർത്തിക്കേണ്ട സമയമാണിത്. നമുക്ക് ഉടൻ തന്നെ കളിക്കാമെന്ന് നെയ്മർ പറഞ്ഞിട്ടില്ല. ഞാൻ മെസ്സിയോടൊപ്പം വീണ്ടും ഒരുമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ് നെയ്മർ പറഞ്ഞത്. തീർച്ചയായും ഞങ്ങൾ ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങൾ മൂന്ന് പേരും ഇതേകുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങൾ ഞങ്ങളുടെ ബന്ധങ്ങൾ നിലനിർത്തി കൊണ്ട് പോവാറുമുണ്ട് ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *