സ്പെയിനിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനാണ് പ്രാധാന്യമെന്ന് ലാലിഗ പ്രസിഡന്റ്
ഫ്രഞ്ച് ലീഗിനെ പോലെ ഉപേക്ഷിക്കാൻ ലാലിഗ ഒരുക്കമല്ലെന്നും സ്പെയിനിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നതുമെന്ന് ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ടെബാസിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് ലീഗിനെ രൂക്ഷമായ രീതിയിലും ടെബാസ് വിമർശിച്ചിട്ടുണ്ട്. ലീഗ് വണ്ണിന്റെ കാര്യത്തിൽ അധികൃതർ ദൃതിപ്പെട്ട് തീരുമാനമെടുത്തെന്നും അത് ശരിയായില്ലെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്.
” അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം ആരംഭിക്കുന്നതിനെ ഇത്ര അപകടകരമായ രീതിയിൽ എന്തിനാണ് നോക്കികാണുന്നത് എന്നെനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. മതിയായ മുൻകരുതലുകളോടെ, സീസൺ ഫിനിഷ് ചെയ്യാനുള്ള എല്ലാ അവസരങ്ങളും നമ്മൾക്ക് മുന്നിലുണ്ട്. എന്റെ അഭിപ്രായത്തിൽ ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനം വളരെ ദൃതിപ്പെട്ട് നടപ്പിലാക്കിയ ഒന്നാണ്. മറ്റു രാജ്യങ്ങളിൽ എല്ലാം തന്നെ പരിശീലനം നടത്താനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങികഴിഞ്ഞു. സ്പെയിനിന്റെ പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സാണ് ഫുട്ബോൾ. ഗവണ്മെന്റിന്റെ എല്ലാവിധ നിർദേശങ്ങളും പാലിച്ചുകൊണ്ട് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളിപ്പോൾ ” ടെബാസ് പറഞ്ഞു.