വമ്പൻ അഴിച്ചു പണി, കൂട്ട വിറ്റൊഴിവാക്കലിനൊരുങ്ങി ബാഴ്സലോണ !

എഫ്സി ബാഴ്സലോണയുടെ സമീപകാലത്തെ ഏറ്റവും മോശം പ്രകടനത്തിനായിരുന്നു ഈ സീസൺ സാക്ഷ്യം വഹിച്ചിരുന്നത്. ലാലിഗ കിരീടം കൈവിട്ട അവർ ലീഗിൽ ആറു തോൽവികളായിരുന്നു വഴങ്ങിയത്. ഇതിനാൽ തന്നെ അടുത്ത സീസണിലേക്ക് ഒരുപിടി മികച്ച താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ. പക്ഷെ സാമ്പത്തികപ്രതിസന്ധിയാണ് ബാഴ്സയെ ഏറെ അലട്ടുന്ന കാര്യം. ഇന്റർമിലാൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിന് വേണ്ടി പണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ബാഴ്സ. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഒരു കൂട്ട വിറ്റൊഴിക്കലിനാണ് ബാഴ്സ തയ്യാറെടുക്കുന്നത്. ക്ലബിന്റെ സൂപ്പർ താരങ്ങളുൾപ്പെടുന്ന ഒരു നിരയെ തന്നെ ബാഴ്സ ഒഴിവാക്കുകയാണ്. ഒന്നുകിൽ സ്വാപ് ഡീലിലൂടെ, അതല്ലെങ്കിൽ വിൽപ്പന വഴി എന്നിങ്ങനെയാണ് ബാഴ്സ ഒഴിവാക്കുന്നത്. നിലവിൽ പന്ത്രണ്ട് താരങ്ങളെയാണ് ബാഴ്സ വിൽക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഗോൾകീപ്പർ നെറ്റോ, നെൽസൺ സെമെടോ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപ്പോ, ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ, ഉസ്മാൻ ഡെംബലെ, മാർട്ടിൻ ബ്രാത്വെയിറ്റ്, കാർലെസ് അലേന, റഫീഞ്ഞ അൽകാന്ററ, ജീൻ ക്ലെയർ ടോഡിബൊ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നീ പന്ത്രണ്ട് താരങ്ങളെ വിൽക്കാനാണ് ബാഴ്സയുടെ ഉദ്ദേശ്യം. എന്നാൽ എല്ലാവരുടെയും ട്രാൻസ്ഫർ ഈ സമ്മറിൽ തന്നെ നടക്കുമോ എന്നുറപ്പില്ല. വിറ്റുപോവാൻ ഏറ്റവും കൂടുതൽ പ്രയാസമുള്ള രണ്ട് താരങ്ങൾ എന്നുള്ളത് ഫിലിപ്പെ കൂട്ടീഞ്ഞോയും ഉസ്മാൻ ഡെംബലെയുമാണ് എന്നാണ് ബാഴ്സയുടെ കണ്ടെത്തൽ. ഇരുവരുടെയും സാലറിയും ട്രാൻസ്ഫർ ഫീയും വളരെ അധികമാണെന്നും ഇത് മറ്റുള്ള ടീമുകൾക്ക് താങ്ങാനാവുന്നതിലുമപ്പുറവുമാണ്. സെമെടോ, റാക്കിറ്റിച്, വിദാൽ, ടോഡിബോ, റഫീഞ്ഞ എന്നിവരുടെ ട്രാൻസ്ഫറും ബാഴ്സക്ക് എളുപ്പമാവില്ല. ഏതായാലും വമ്പൻ അഴിച്ചു പണിക്ക് തന്നെയാണ് ബാഴ്സ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *