യമാലിന്റെ കാര്യത്തിൽ ബാഴ്സ ആരാധകർക്ക് സന്തോഷ വാർത്ത നൽകി ഫ്ലിക്ക്!
ഇന്ന് ലാലിഗയിൽ നടക്കുന്ന പതിനഞ്ചാം റൗണ്ട് പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ലാസ് പാൽമസാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. ബാഴ്സലോണയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
സൂപ്പർ താരം ലാമിൻ യമാൽ ഇതുവരെ പരിക്കിന്റെ പിടിയിലായിരുന്നു. അദ്ദേഹം ലാലിഗയിൽ ബാഴ്സക്ക് വേണ്ടി സ്റ്റാർട്ട് ചെയ്യാത്ത മൂന്നുമത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല.താരത്തിന്റെ അഭാവം ശരിക്കും ബാഴ്സയെ അലട്ടിയിരുന്നു. എന്നാൽ യമാലിന്റെ കാര്യത്തിൽ ബാഴ്സ ആരാധകർക്ക് ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ് അവരുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക്. ഇന്നത്തെ മത്സരത്തിൽ എന്തായാലും യമാൽ കളിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ലാമിൻ യമാൽ തിരിച്ചെത്തിയിട്ടുണ്ട്.നാളത്തെ മത്സരത്തിൽ അദ്ദേഹം കളിക്കും. അതാണ് പ്ലാൻ.അദ്ദേഹം സ്റ്റാർട്ട് ചെയ്യുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ ഞാൻ തീരുമാനിച്ചിട്ടില്ല. പക്ഷേ മത്സരത്തിൽ അദ്ദേഹം കളിച്ചിരിക്കും ” ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ പറഞ്ഞിട്ടുള്ളത്.
താരം പകരക്കാരനായി കളിക്കളത്തിലേക്ക് എത്താനാണ് സാധ്യതകൾ ഉള്ളത്. തകർപ്പൻ പ്രകടനമാണ് ബാഴ്സക്ക് വേണ്ടി താരം നടത്തുന്നത്. 12 ലീഗ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും ഏഴ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സ തന്നെയാണ്. 14 മത്സരങ്ങളിൽ നിന്ന് 11 വിജയവുമായി 34 പോയിന്റാണ് ഇപ്പോൾ ബാഴ്സക്ക് ഉള്ളത്.