മെസ്സി ബാഴ്സയിൽ തുടരുന്നു, ബാഴ്സ നേരിടേണ്ട അനന്തരഫലങ്ങൾ ഇതൊക്കെ !

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ദിവസമായിരുന്നു താൻ ബാഴ്സയിൽ തന്നെ തുടരുമെന്ന് തുറന്നു പറഞ്ഞത്. എന്നാൽ നിരവധി കാര്യങ്ങൾ മെസ്സി അതിനോടൊപ്പം സംസാരിച്ചു. ക്ലബ്ബിനകത്തെ പ്രതിസന്ധിയും പ്രശ്നങ്ങളും തുറന്നു പറഞ്ഞ മെസ്സി പ്രസിഡന്റിനെയും ബാഴ്സ ബോർഡിനേയും കടുത്ത ഭാഷയിലാണ് മെസ്സി വിമർശിച്ചത്. മെസ്സി തുടരാൻ തീരുമാനിച്ചെങ്കിലും ബാഴ്സക്ക് അങ്ങോട്ട് കാര്യങ്ങൾ എളുപ്പമായിരിക്കില്ല എന്ന് തന്നെ വ്യക്തമാണ്. ക്ലബിനോടുള്ള തന്റെ അതൃപ്തി മുഴുവനും വെളിപ്പെടുത്തി കൊണ്ട് തന്നെ മെസ്സി ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചത്. മെസ്സി ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചുവെങ്കിലും ബാഴ്സ അത്‌ മൂലം ചില അനന്തരഫലങ്ങളും പ്രത്യാഘാതങ്ങളും നേരിടേണ്ടതുണ്ട്. പ്രത്യേകിച്ച് മെസ്സി അടുത്ത സീസണിൽ കൂടി മാത്രമേ ബാഴ്സയിൽ തുടരുകയൊള്ളൂ എന്നും അതിന് ശേഷം ഫ്രീ ഏജന്റ് ആയി ക്ലബ് വിടുമെന്നും ഉറപ്പിച്ചു പറഞ്ഞ ഈ സാഹചര്യത്തിൽ ക്ലബ് നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അത്തരത്തിലുള്ള ചില പ്രശ്നങ്ങളെയാണ് മാർക്ക തുറന്നു കാണിക്കുന്നത്.

1- സാമ്പത്തികപരമായ പ്രശ്നങ്ങൾ : കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിൽ ഒന്ന് ബാഴ്സ ആണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ അവസ്ഥയിൽ മെസ്സി തുടർന്നാൽ മെസ്സിക്ക് ഏകദേശം 100 മില്യണിന്റെ അടുത്ത് സാലറി ഇനത്തിൽ നൽകേണ്ടി വരും. മാത്രമല്ല അടുത്ത വർഷം മെസ്സി ഫ്രീ ഏജന്റ് ആയി കൊണ്ടാണ് മെസ്സി ക്ലബ് വിടുക. അതായത് മെസ്സിയുടെ ട്രാൻസ്ഫർ ഫീ ബാഴ്സക്ക് ലഭിക്കില്ല എന്നർത്ഥം. ഈ രണ്ട് കാര്യങ്ങളും ബാഴ്സക്ക് തിരിച്ചടിയാണ്.

2- ബാഴ്സക്ക് അകത്തുള്ള പ്രശ്നങ്ങൾ : മെസ്സി ഗോളിന് നൽകിയ അഭിമുഖത്തിൽ ഏറ്റവും കൂടുതൽ ആഞ്ഞടിച്ചത് ബർതോമ്യുവിനെതിരെയും ബോർഡിനെതിരെയുമായിരുന്നു. ഇത് ബാഴ്സക്ക് അകത്ത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ച് വരുന്ന മാർച്ചിൽ നടക്കുന്ന ഇലക്ഷനിൽ ആണ് ഇത് പ്രതിഫലിക്കുക.

3-ആരാധകർ രണ്ടുതട്ടിൽ : ആദ്യമായിട്ടായിരിക്കും ബാഴ്സയിലെ ഒരു കൂട്ടം ആരാധകർ മെസ്സിക്കെതിരെ തിരിയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ബാഴ്സയെ ഉപേക്ഷിക്കാൻ മെസ്സി എടുത്ത തീരുമാനം ഒരുപാട് ബാഴ്സ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഫലമോ മെസ്സിയെ പിന്തുണക്കുന്നവരും അല്ലാത്തവരും എന്ന രൂപത്തിൽ രണ്ടു വിഭാഗക്കാർ ഉരുത്തിരിഞ്ഞു വന്നേക്കും.

4-ഡ്രസിങ് റൂമിലെ പ്രശ്നങ്ങൾ : ഇതുവരെ മെസ്സിക്ക് ഡ്രസിങ് റൂമിൽ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞേക്കും. മെസ്സിയുടെ ഉറ്റസുഹൃത്തുക്കൾ ആയ സുവാരസും വിദാലും ക്ലബ് വിടുകയാണ്. ഫലമായി മെസ്സിയെ പിന്തുണക്കുന്ന ഒരു വിഭാഗവും അല്ലാത്തവരും ഡ്രസിങ് റൂമിൽ ഉണ്ടാവാൻ ഇടയുണ്ട്. മാത്രമല്ല റൊണാൾഡ് കൂമാൻ മെസ്സിക്ക് വലിയ തോതിൽ ഉള്ള പ്രാധാന്യം നൽകിയേക്കില്ല. ഇതും ചിലപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *