മെസ്സിയോ റൊണാൾഡീഞ്ഞോ? ചരിത്രത്തിലെ മികച്ച താരത്തെ വെളിപ്പെടുത്തി മുൻ ബാഴ്‌സ താരം !

ഫുട്ബോൾ ലോകത്തെ രണ്ട് മഹാമാന്ത്രികരാണ് ലയണൽ മെസ്സിയും റൊണാൾഡീഞ്ഞോയും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. റൊണാൾഡീഞ്ഞോയും മെസ്സിയും ഒരുമിച്ച് ബാഴ്സയിൽ കളിച്ച സമയത്ത് നിരവധി മികച്ച മുഹൂർത്തങ്ങൾക്ക് ഫുട്ബോൾ ലോകം സാക്ഷിയായിട്ടുണ്ട്. എന്നാൽ ഇരുവരിൽ ആരാണ് മികച്ചത് എന്നതിൽ പലർക്കും പല ഉത്തരമായിരിക്കും. ഇപ്പോഴിതാ ഈ രണ്ടു പേരിൽ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ബാഴ്സ താരവും മെസ്സിയുടെ മുൻ സഹതാരവുമായ ഡെവുലുഫോ. ഇറ്റലിയൻ ക്ലബായ ഉഡിനസിൽ ചേർന്ന ശേഷം നൽകിയ ഒരഭിമുഖത്തിലാണ് താരം ഏറ്റവും മികച്ച താരത്തെ വെളിപ്പെടുത്തിയത്. റൊണാൾഡീഞ്ഞോയാണ് തന്നെ സംബന്ധിച്ചെടുത്തോളം മികച്ച താരം എന്നാണ് ഡെവുലുഫോ തുറന്നു പറഞ്ഞത്. ബാഴ്‌സ അക്കാദമിയിലൂടെ വളർന്ന ഡെവുലുഫോ മെസ്സിക്കൊപ്പം കളിച്ചിട്ടുണ്ട്. വാട്ട്ഫോർഡിൽ നിന്നായിരുന്നു താരം ഈ സീസണിൽ ഉഡിനസിൽ എത്തിയത്.

” എന്നെ സംബന്ധിച്ചെടുത്തോളം, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം റൊണാൾഡീഞ്ഞോയാണ്. ഞാൻ അദ്ദേഹത്തെ നേരിട്ടു കണ്ടുമുട്ടിയിട്ടുണ്ട്. ഒരു ക്യാമ്പ് നൗവിലെ ഒരു മത്സരം കാണാൻ ഞാൻ എത്തിയ സമയത്ത്‌, അദ്ദേഹം എന്റെ അടുത്ത് വന്ന് ഇരുന്നിട്ടുണ്ട്. അതൊരു മഹത്തായ അനുഭവമായിരുന്നു. മെസ്സിയും അസാധാരണമായ താരമാണ്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തോടൊപ്പം ആറു മാസത്തോളം കളിച്ചിട്ടുണ്ട്. മികച്ച ഒരു വ്യക്തിയാണ് അദ്ദേഹം. മെസ്സി ആരാണെന്ന് ഈ ലോകത്തിന് മൊത്തമറിയാം ” സിരി എയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഡെവുലുഫോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *