മെസ്സിയെ സൈൻ ചെയ്‌തെന്ന് ബ്രസീൽ ക്ലബ്, നിമിഷങ്ങൾക്കകം സംഗതി വെളിച്ചത്തായി !

സൂപ്പർ താരം ലയണൽ മെസ്സി ഇനി ക്രൂസെയ്റോക്ക് വേണ്ടി കളിക്കും. ഇതായിരുന്നു വെള്ളിയാഴ്ച്ച ബ്രസീലിലെ സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയം. ഇതിന് കാരണവുമുണ്ട്. ബ്രസീലിയൻ ക്ലബ് ക്രുസെയ്റോയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ ആണ് മെസ്സിയെ തങ്ങൾ സൈൻ ചെയ്തതായി അറിയിപ്പ് വന്നത്. അതോടൊപ്പം തന്നെ മെസ്സിയുടെ വാക്കുകളും കൂടി പുറത്തു വിട്ടു. ” ക്രുസെയ്റോക്കൊപ്പം ചേരാനായതിൽ ഞാൻ വളരെ അധികം സന്തോഷവാനാണ്. പരിശീലകനായ എണ്ടെഴ്സൺ മൊറെയ്റയുടെ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു. നമുക്ക് വൈകാതെ കാണാം ആരാധകരെ. മിനെയ്റോ സ്റ്റേഡിയത്തിൽ കളിക്കാൻ വേണ്ടി കാത്തിരിക്കുന്നു ” ഇതാണ് മെസ്സി പറഞ്ഞ വാക്കുകൾ. ക്ലബിന്റെ ഔദ്യോഗികവെബ്സൈറ്റിൽ ഇങ്ങനെയൊരു പോസ്റ്റ്‌ വന്നതോടെ ഇത് പെട്ടന്ന് ചർച്ചാവിഷയമായി.

എന്നാൽ നിമിഷങ്ങൾക്ക് അകം തന്നെ ഇതിന് വിശദീകരണവുമായി ക്ലബ് അധികൃതർ രംഗത്തെത്തി. അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഹാക്കേഴ്സ് ഒപ്പിച്ച പണിയാണ് എന്നാണ് ക്ലബ് ഇതിന് വിശദീകരണം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും ക്ലബ് അറിയിച്ചു. ക്ലബ്ബിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു. ” ഓഗസ്റ്റ് 28, വെള്ളിയാഴ്ച്ച ക്രുസെയ്റോ ക്ലബിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുന്നു. ആക്രമണത്തെ തങ്ങൾ നേരിടുകയും ഉടനടി തന്നെ വെബ്സൈറ്റ് വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ആ പോസ്റ്റ്‌ നീക്കം ചെയ്തിട്ടുമുണ്ട്. ക്ലബിന്റെ യാതൊരു വിധ വിവരങ്ങളും ചോർന്നിട്ടില്ല എന്ന് ഞങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഈ ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവ് നൽകികഴിഞ്ഞു ” ഇതായിരുന്നു ക്ലബ് അറിയിച്ചത്. ഏതായാലും കുറഞ്ഞ സമയമാണെങ്കിലും ഒഫീഷ്യൽ വെബ്സൈറ്റിൽ ഇത്തരമൊരു പോസ്റ്റ്‌ വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *