മെസ്സിയെയും ക്രിസ്റ്റ്യാനോയെയും റൊണാൾഡോയുമായി താരതമ്യം ചെയ്യരുതെന്ന് കാർലോസ്
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുമായി താരതമ്യം ചെയ്യരുതെന്ന് അഭിപ്രായപ്പെട്ട് മുൻ ബ്രസീലിയൻ സൂപ്പർ താരം റോബർട്ടോ കാർലോസ്. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സഹതാരമായിരുന്ന റൊണാൾഡോയെ കുറിച്ച് മനസ്സ് തുറന്നത്. മെസ്സിയെക്കാളും ക്രിസ്റ്റ്യാനോയെക്കാളും മികച്ചവനാണ് റൊണാൾഡോയെന്നും ഇരുവരും റൊണാൾഡോയുമൊത്തുള്ള താരതമ്യം അർഹിക്കുന്നില്ലെന്നുമാണ് കാർലോസിന്റെ അഭിപ്രായം. റയൽ മാഡ്രിഡിൽ ഇരുവരും ഒപ്പം കളിച്ച അനുഭവങ്ങളെ പറ്റിയും റയൽ മാഡ്രിഡ് ഇതിഹാസങ്ങളെ പറ്റിയും സംസാരിക്കാൻ കാർലോസ് മറന്നില്ല. ഗോളിന്റെ ഹെയ്നെകിൻ ലെജൻഡ്സ് ചലഞ്ച് എന്ന പരിപാടിയിലാണ് കാർലോസ് സംസാരിച്ചത്.
” പരിശീലനത്തിൽ പോലും തിളങ്ങിനിൽക്കുന്നവനായിരുന്നു റൊണാൾഡോ. തീർച്ചയായും അദ്ദേഹം തന്നെയാണ് മികച്ച താരം. ഇനിയൊരിക്കലും തന്നെ റൊണാൾഡോ ഫിനോമിനോ എന്ന ഒരു താരം ഉണ്ടാവുകയില്ല. മെസ്സിയോ ക്രിസ്റ്റ്യാനോയോ നെയ്മറോ അദ്ദേഹത്തിന്റെ തലത്തിൽ എത്തുന്നവരല്ല. അതുല്യമായ പ്രതിഭയാണ് റൊണാൾഡോ. ഞങ്ങളുടെ കാലഘട്ടത്തിൽ ഗോളുകൾ നേടാൻ ബുദ്ധിമുട്ട് ആയിരുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. അന്ന് കൂടുതൽ ശാരീരികകരുത്ത് ആവശ്യമായിരുന്നു. സ്‌ട്രൈക്കേഴ്‌സിന് പ്രൊട്ടക്ഷൻ കുറവുമായിരുന്നു. പക്ഷെ അപ്പോഴും റൊണാൾഡോ എല്ലാം ചെയ്തു. റൊണാൾഡോയുടെ റയലിലെ അരങ്ങേറ്റത്തിന്റെ അന്ന് പല മാഡ്രിഡ് ആരാധകരും അദ്ദേഹത്തിന്റെ പ്രതിഭയിൽ സംശയിച്ചിരുന്നു. എന്നാൽ എൺപത്തിനായിരത്തോളം വരുന്ന കാണികളെ വിസ്മയിപ്പിച്ചു കൊണ്ട് അദ്ദേഹം ഇരട്ടഗോളുകൾ നേടി. അതിന് ശേഷം എല്ലാവരും അദ്ദേഹത്തിൽ സംതൃപ്തനായിരുന്നു ” കാർലോസ് പറഞ്ഞു.
റയൽ മാഡ്രിഡിലെ അനുഭവങ്ങളെ കുറിച്ചും കാർലോസ് മനസ്സ് തുറന്നു. ” അത്ഭുതപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു റയൽ മാഡ്രിഡിൽ. മഹത്തായ ഒരു സംസ്കാരം തന്നെ റയലിന് സ്വന്തമായിരുന്നു. മികച്ച താരങ്ങളെ സൈൻ ചെയ്യാൻ കെൽപ്പുള്ള ക്ലബായിരുന്നു റയൽ. ഡ്രസിങ് റൂമിൽ എല്ലാവരും സ്പാനിഷ് ആയിരുന്നു സംസാരിച്ചിരുന്നത്. പോർച്ചുഗീസ് സംസാരിക്കുന്നവർ കുറവായിരുന്നു. എന്നാൽ ഡേവിഡ് ബെക്കാം സ്പാനിഷ് സംസാരിക്കുന്നതിലേറെ പോർച്ചുഗീസ് സംസാരിച്ചു. ഇത് കൊണ്ട് തന്നെ എനിക്കും റൊണാൾഡോക്കും ബെക്കാമിനോട് അടുപ്പം കൂടുതലായിരുന്നു. അധികം സംസാരിക്കാത്ത ആളായിരുന്നു സിദാൻ. പക്ഷെ കളിക്കളത്തിൽ അദ്ദേഹം വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും. അന്ന് ടീമിനകത്ത് എപ്പോഴും നല്ല രീതിയിലുള്ള ബന്ധങ്ങൾ വളർന്നു വന്നിരുന്നു ” കാർലോസ് റയലിനെ കുറിച്ച് പറഞ്ഞു.