മെക്സിക്കൻ മെസ്സിയെ അർജന്റീനയിൽ നിന്നും റാഞ്ചാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ !

മെക്സിക്കൻ മെസ്സി, പുതിയ മെസ്സി എന്നീ പേരുകളിൽ പ്രസിദ്ധിയാർജ്ജിച്ച താരമാണ് ലൂക്ക റൊമേറോ. ലാലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയ താരമാണ് റൊമേറോ. കേവലം പതിനഞ്ച് വയസ്സുള്ളപ്പോഴാണ് താരം ലാലിഗയിൽ അരങ്ങേറ്റം കുറിച്ചത്. ഈ കഴിഞ്ഞ ജൂലൈയിൽ റയൽ മാഡ്രിഡിനെതിരെയായിരുന്നു താരം റയൽ മയ്യോർക്കക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. അതിന് മുമ്പ് തന്നെ മെസ്സിയുടെ കളിശൈലിയോട് സാമ്യമുള്ള താരത്തെ മാധ്യമങ്ങൾ മെക്സിക്കൻ മെസ്സി എന്ന് വിളിച്ചു തുടങ്ങിയിരുന്നു. താരം മെക്സിക്കോയിലായിരുന്നു ജനിച്ചത്. താരത്തിന്റെ മാതാപിതാക്കൾ അർജന്റീനക്കാരായിരുന്നുവെങ്കിലും താരം കളിച്ചു വളർന്നത് സ്പെയിനിലായിരുന്നു.

മയ്യോർക്കയിലൂടെ വളർന്ന താരത്തെ ഇപ്പോൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറഷൻ മാനേജ്മെന്റ് കമ്മീഷൻ പ്രസിഡന്റ്‌ ആയ മിക്കേൽ ബെസ്റ്ററാണ് ഇക്കാര്യം വെളിപ്പടുത്തിയത്. താരത്തെ സ്പെയിനിന് വേണ്ടി കളിപ്പിക്കാൻ മാതാപിതാക്കളുമായി ഒട്ടേറെ തവണ സംസാരിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അർജന്റീനക്ക് വേണ്ടി യൂത്ത് ടീമുകളിൽ റൊമേറോ കളിച്ചിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി കളിക്കാനാണ് ആഗ്രഹമെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നിരുന്നാലും താരത്തെ സ്പെയിനിന് വേണ്ടി കളിപ്പിക്കാൻ തങ്ങൾ ശ്രമം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ” അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹം അർജന്റീനക്ക് വേണ്ടി കളിച്ചു കാണാനാണ് ആഗ്രഹം എന്നെനിക്കറിയാം. അത്‌ ചെറിയൊരു പ്രശ്നമാണ്. അത്‌ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുമുണ്ട്. പക്ഷെ ഞങ്ങൾക്കാണ് മുൻ‌തൂക്കം ഉള്ളത്. എന്തെന്നാൽ അദ്ദേഹം സ്പെയിനിൽ ആണുള്ളത് ” ബെസ്റ്റർ ഐബി ത്രീ ടിവിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *