മറികടന്നത് സുവാരസിനെ, ലാലിഗയിലെ മികച്ച താരമായി അൻസു ഫാറ്റി !

കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ലാലിഗ താരത്തിനുള്ള പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം ബാഴ്സയുടെ യുവ സൂപ്പർ താരം അൻസു ഫാറ്റിക്ക്. ഇന്നലെയാണ് ലാലിഗ ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്. കഴിഞ്ഞ മാസം താരം നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ പുരസ്‌കാരത്തിനർഹനാക്കിയത്. അത്ലെറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ താരം ലൂയിസ് സുവാരസ്, മികേൽ മെറീനോ, അസ്പാസ്, സെർജിയോ കനാലസ്, ഹോസെ ലൂയിസ് മോറെലെസ്, ലൂയിസ് മില്ല എന്നിവരെ പിന്തള്ളിയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ലാലിഗ താരമാവാൻ ഫാറ്റിക്ക് കഴിഞ്ഞത്. ഇഎ സ്പോർട്സ് വെബ്സൈറ്റിലൂടെ ആരാധകരുടെ വോട്ടും പരിഗണിച്ചിരുന്നു. കഴിഞ്ഞ മാസം മൂന്ന് ഗോളുകളാണ് താരം സ്വന്തം പേരിലാക്കിയത്.

ബാഴ്‌സയുടെ ആദ്യത്തെ മത്സരമായിരുന്ന വിയ്യാറയലിനെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു കറ്റാലൻമാർ വിജയിച്ചു കയറിയിരുന്നത്. ഈ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയത് അൻസു ഫാറ്റിയായിരുന്നു. മാത്രമല്ല, ബാഴ്സക്ക്‌ ഒരു പെനാൽറ്റി ലഭിക്കാൻ കാരണമാവുകയും ചെയ്തു. രണ്ടാമത്തെ മത്സരമായ സെൽറ്റ വിഗോക്കെതിരെയും ഫാറ്റി ഗോൾ കണ്ടെത്തുകയായിരുന്നു. ബാഴ്സ 3-0 വിജയിച്ച മത്സരത്തിൽ ഒരു ഗോൾ ഫാറ്റിയുടെ വകയായിരുന്നു. ഇനിയുള്ള മത്സരങ്ങളിലും ഫാറ്റിയിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. നിലവിൽ സ്പെയിൻ ടീമിനോടൊപ്പമാണ് ഈ പതിനേഴുകാരൻ.

Leave a Reply

Your email address will not be published. Required fields are marked *