ബെൻസിമയെ സഹായിക്കാൻ ആ താരത്തെ സൈൻ ചെയ്യൂ, റയലിനോട് സിദാൻ
കഴിഞ്ഞ രണ്ട് സീസണുകളിലായി റയൽ മാഡ്രിഡ് മുന്നേറ്റനിരക്ക് വേണ്ടവിധത്തിൽ ശോഭിക്കാനാവുന്നില്ല എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു വന്നിരുന്നു. പലപ്പോഴും ഗോളടിക്കാൻ ബുദ്ദിമുട്ടുന്ന ഒരു റയലിനെയാണ് കാണാൻ സാധിച്ചിരുന്നത്. മുന്നേറ്റനിരയിൽ കരിം ബെൻസിമയെ റയൽ അമിതമായി ആശ്രയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഈ സീസണിൽ ടീമിൽ എത്തിച്ച ഹസാർഡിനോ ജോവിച്ചിനോ വേണ്ടവിധത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇതിനൊക്കെ ഒരു പരിഹാരം ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ കണ്ടെത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സിദാൻ.
ഇതിന്റെ മുന്നൊരുക്കമായി വോൾവ്‌സിന്റെ റൗൾ ജിമിനെസിനെ റയലിലെത്തിക്കാൻ സിദാൻ ആവിശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരത്തെ ടീമിൽ എത്തിക്കാൻ റയലിനോട് ശ്രമിക്കാനാണ് സിദാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. മെക്സിക്കൻ താരമായ റൗൾ ജിമിനെസ് മുൻപ് അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്നു. എന്നാൽ 28 മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമായിരുന്നു താരത്തിന് നേടാനായത്. ഇതോടെ അത്ലറ്റികോ താരത്തെ ലോണിൽ വോൾവ്‌സിലേക്ക് അയക്കുകയായിരുന്നു. പിന്നീട് താരത്തെ വോൾവ്‌സ് സൈൻ ചെയ്യുകയും ചെയ്തു.
Sería un BOMBAZO 💣https://t.co/AeBjZnEMCX
— DIARIO RÉCORD (@record_mexico) March 22, 2020
വോൾവ്‌സിൽ മികച്ച പ്രകടനമാണ് താരത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി മുപ്പത്തിയൊൻപത് ഗോളുകളാണ് താരം നേടിയത്. താരത്തെ ടീമിൽ എത്തിക്കുന്നതോടെ റയലിന്റെ ഗോൾക്ഷാമത്തിന് പരിഹാരം കാണാനാവുമെന്നാണ് സിദാൻ പ്രതീക്ഷിക്കുന്നത്. നിലവിൽ ട്രാൻസ്ഫർമാർക്കറ്റിൽ അൻപത് മില്യൺ യുറോയാണ് താരത്തിന്റെ വില. താരത്തെ ടീമിൽ എത്തിക്കുക ആണെങ്കിൽ മരിയാനോയെയും ജോവിച്ചിനെയും റയൽ ലോണിൽ വിടുന്നതായിരിക്കും.