ബാഴ്സ ടീം വിൽപ്പനക്ക്, നിലനിർത്തുക നാല് താരങ്ങളെ മാത്രം !

എഫ്സി ബാഴ്സലോണയുടെ വമ്പൻ തോൽവി ക്ലബിൽ അടിമുടി മാറ്റത്തിന് കാരണമാവുന്നു. ക്ലബിലെ മിക്ക താരങ്ങളെയും ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിൽപ്പനക്ക് വെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ബാഴ്‌സ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്പോർട്ട് എന്ന മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. നാലു താരങ്ങളെ ഒഴികെയുള്ള മറ്റെല്ലാ താരങ്ങളെയും ബാഴ്‌സ വിൽക്കാൻ ശ്രമിക്കുമെന്നാണ് സ്പോർട്ട് അറിയിക്കുന്നത്. ഗോൾകീപ്പർ മാർക്ക്‌ ആന്ദ്രേ ടെർസ്റ്റീഗൻ, സൂപ്പർ താരം ലയണൽ മെസ്സി, മധ്യനിര താരം ഡിജോംഗ്, ഡിഫൻഡർ ലെങ്ലെറ്റ് എന്നിവരെയാണ് ബാഴ്‌സ നിലനിർത്തുക. ബാക്കിയുള്ള പതിനഞ്ചിൽ പരം താരങ്ങളെ ബാഴ്സ വിൽക്കും. അതേസമയം റിക്കി പുജ്‌, അൻസു ഫാറ്റി, അറൗജോ എന്നിവർക്ക് ഫസ്റ്റ് ടീമിലേക്ക് സ്ഥാനകയറ്റം നൽകും.

സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസ്, ജെറാർഡ് പിക്വേ, ജോർഡി ആൽബ എന്നിവർക്കും അനുയോജ്യമായ ഓഫറുകൾ വന്നാൽ കൈവിടാൻ തന്നെയാണ് ബാഴ്സയുടെ തീരുമാനം. ബാഴ്സയിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന് പ്രസിഡന്റ്‌ ബർതോമ്യു ഉറപ്പ് നൽകിയിരുന്നു. സാമുവൽ ഉംറ്റിറ്റി, ഇവാൻ റാക്കിറ്റിച്ച്, ആർതുറോ വിദാൽ, സെർജി റോബർട്ടോ,ബുസ്ക്കെറ്റ്സ് എന്നിവരെല്ലാം തന്നെ ബാഴ്‌സയുടെ വിൽപ്പനക്കുള്ള ലിസ്റ്റിൽ ഉണ്ട്. താരങ്ങളുടെ മോശം ഫോമും വയസ്സ് വർധിച്ചതുമൊക്കെയാണ് ബാഴ്‌സ ഒഴിവാക്കാനുള്ള കാരണമായി കണക്കാക്കുന്നത്. ശേഷിക്കുന്ന എല്ലാ താരങ്ങളെയും ഒഴിവാക്കാൻ തന്നെയാണ് ബാഴ്സ ആലോചിക്കുന്നത്. പക്ഷെ ഇതെത്രത്തോളം സാധ്യമാണ് എന്ന് സംശയമുണ്ട്. എന്തെന്നാൽ കോവിഡ് പ്രതിസന്ധി മൂലം വളരെ കുറഞ്ഞ ടീമുകൾ മാത്രമേ ട്രാൻസ്ഫർ വിൻഡോയിൽ വളരെ സജീവമായി രംഗത്തൊള്ളൂ. ഈ താരങ്ങളെ വിൽക്കാൻ സാധിച്ചാൽ ലൗറ്ററോ മാർട്ടിനെസ്, എറിക് ഗാർഷ്യ എന്നിവരെ ബാഴ്സ ടീമിൽ എത്തിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *