ബാഴ്സയിലേക്ക് തിരിച്ചു വരാൻ കൊതിച്ച് നെയ്മർ, ആഗ്രഹം വെളിപ്പെടുത്തിയത് സഹതാരങ്ങളോട്

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ബാഴ്സയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ.പിഎസ്ജിയിലെ തന്റെ അടുത്ത സഹതാരങ്ങളോടാണ് നെയ്മർ ബാഴ്സയിലേക്ക് തിരികെ പോവാനുള്ള ആഗ്രഹം അറിയിച്ചത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയെ ഉദ്ധരിച്ചു കൊണ്ട് മിറർ, ഡെയിലി മെയിൽ തുടങ്ങിയ മാധ്യമങ്ങൾ എല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. പിഎസ്ജിയിലെ അടുത്ത സുഹൃത്തുക്കളായ കെയ്‌ലിൻ എംബാപ്പെ ഉൾപ്പടെയുള്ളവരോടാണ് നെയ്മർ ഇക്കാര്യം വെളിപ്പെടുത്തിയത്. സാമൂഹികമാധ്യമങ്ങളിലെ ചാറ്റിൽ സുഹൃത്തുക്കളുടെ ചോദ്യത്തിന് ഉത്തരമായാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്. “തീർച്ചയായും എനിക്ക് ബാഴ്സയിലേക്ക് തിരികെ പോകണം ” എന്നാണ് നെയ്മർ അവർക്ക് മറുപടി നൽകിയത്. ബാഴ്സയിലേക്കെത്താൻ പല വിട്ടുവീഴ്ച്ചകൾക്കും താരം തയ്യാറാണെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ക്ലബിൽ എത്തിക്കാൻ ബാഴ്‌സ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ലൗറ്ററോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളും സാമ്പത്തികപ്രതിസന്ധികളും ബാഴ്‌സയെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് നെയ്മർക്ക് പിഎസ്ജി വിലയിട്ടിരുന്നു. 155 മില്യൺ പൗണ്ടാണ് (175 മില്യൺ യുറോ ) നെയ്മർക്ക് വേണ്ടി പിഎസ്ജി ആവിശ്യപ്പെടുന്നത്. മാത്രമല്ല താരകൈമാറ്റത്തിന് താല്പര്യമില്ല എന്നും പിഎസ്ജി അറിയിച്ചിരുന്നു. ഇതോടെ ബാഴ്സയുടെ മുന്നിലുള്ള വാതിലുകൾ അടക്കപ്പെടുകയായിരുന്നു. ഡെംബലെയെ കൈമാറി നെയ്മറെ ടീമിലെത്തിക്കും എന്നൊക്കെയുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും പിഎസ്ജിയുടെ ഈ കടുംപിടിത്തം ബാഴ്സക്ക് തിരിച്ചടിയാവുകയായിരുന്നു. 2017-ലായിരുന്നു 198 മില്യൺ പൗണ്ട് എന്ന ലോകറെക്കോർഡ് തുകക്ക് നെയ്മർ ബാഴ്സയിൽ നിന്ന് പിഎസ്ജിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *