പ്രായമല്ല മാനദണ്ഡം, എൽ ക്ലാസിക്കോക്ക് മുന്നോടിയായി താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി കൂമാൻ !

പരിശീലകനായിട്ടുള്ള തന്റെ ആദ്യ എൽ ക്ലാസിക്കോക്കുള്ള ഒരുക്കത്തിലാണ് റൊണാൾഡ് കൂമാൻ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സ നേടിയ മിന്നുന്ന വിജയം ഇദ്ദേഹത്തിന് ചെറിയ തോതിലൊന്നുമല്ല ആശ്വാസം പകർന്നിരിക്കുന്നത്. എന്തെന്നാൽ അവസാനലീഗ് മത്സരത്തിൽ ഗെറ്റാഫെയോട് എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ അട്ടിമറി തോൽവിയേറ്റുവാങ്ങിയിരുന്നു. ഇതിന്റെ ക്ഷീണം തീർക്കാൻ റയലിനോട്‌ കൂമാന് ജയം അനിവാര്യമാണ്. എന്നാൽ മത്സരത്തിന് മുന്നോടിയായി താൻ തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൂമാൻ. എൽ ക്ലാസിക്കോക്കുള്ള ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള മാനദന്ധം പ്രായമല്ലെന്നും മറിച്ച് പ്രകടനമാണ് എന്നും വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ. സീനിയർ താരങ്ങളെ തഴഞ്ഞു കൊണ്ട് യുവതാരങ്ങൾക്ക് താൻ അവസരം നൽകിയേക്കും എന്ന സൂചനകൾ നൽകിയിരിക്കുകയാണ് പരിശീലകൻ. കഴിഞ്ഞ മത്സരത്തിൽ ഫാറ്റി, ട്രിൻക്കാവോ, ഡെസ്റ്റ്, പെഡ്രി എന്നീ യുവതാരങ്ങൾക്ക് കൂമാൻ അവസരം നൽകുകയും അവരെല്ലാം തന്നെ തിളങ്ങുകയും ചെയ്തിരുന്നു.

” എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓരോ താരത്തിന്റെയും പ്രകടനമാണ്. ടീമിലുള്ള യുവതാരങ്ങൾക്ക് പരിചയസമ്പത്ത് ലഭിക്കണമെങ്കിൽ ഇത്തരത്തിലുള്ള മത്സരങ്ങളിൽ കളിക്കേണ്ടതുണ്ട്. ഞാൻ നാളെത്തെ മത്സരത്തിന് ഇറക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച ടീമിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞാൻ ഏറ്റവും മികച്ച ഇലവനെയായിരിക്കും നാളെ തിരഞ്ഞെടുക്കുക. അതൊരിക്കലും പ്രായത്തെ മാനദണ്ഡമാക്കി കൊണ്ടാവില്ല ” കൂമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ അന്റോയിൻ ഗ്രീസ്‌മാന്‌ ഇടം ലഭിച്ചിരുന്നില്ല. കൂടാതെ ആൽബയുടെ സ്ഥാനത്ത് ഡെസ്റ്റ് ആയിരുന്നു. ആൽബ തിരിച്ചു വന്നതിനാൽ ആരെ തിരഞ്ഞെടുക്കും എന്ന് കണ്ടറിയേണ്ടതുണ്ട്. ഫാറ്റി, പെഡ്രി, ട്രിൻക്കാവോ എന്നിവരൊക്കെ മികച്ച ഫോമിലാണ് ഉള്ളത് എന്നുള്ളത് കൂമാനെ കുഴക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *