പ്രായം തനിക്ക് കേവലം ഒരു അക്കം മാത്രം :ബാലൺഡി’ഓർ നേടിയതിനുശേഷം ബെൻസിമ പറഞ്ഞത്!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരീം ബെൻസിമ സ്വന്തമാക്കിയിരുന്നു. തന്റെ 34ആം വയസ്സിലാണ് ബെൻസിമ ആദ്യ ബാലൺഡി’ഓർ പുരസ്കാരം കരസ്ഥമാക്കുന്നത്. സൂപ്പർ താരങ്ങളായ സാഡിയോ മാനെ,കെവിൻ ഡി ബ്രൂയിന എന്നിവരെയാണ് ഇപ്പോൾ ബെൻസിമ പരാജയപ്പെടുത്തിയിട്ടുള്ളത്.

ഏതായാലും ഈ പുരസ്കാരം സ്വീകരിച്ചതിനു ശേഷം പല കാര്യങ്ങളെ കുറിച്ചും ബെൻസിമ സംസാരിച്ചിട്ടുണ്ട്.തന്റെ കരിയർ ഒരിക്കലും എളുപ്പമായിരുന്നില്ല എന്നാണ് ബെൻസിമ പറഞ്ഞിരുന്നത്. പ്രായം തന്നെ സംബന്ധിച്ചിടത്തോളം കേവലം ഒരു അക്കം മാത്രമാണെന്നും ബെൻസിമ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത് എനിക്ക് വളരെയധികം അഭിമാനം നൽകുന്നു.ഞാൻ ഇതിനുവേണ്ടി നന്നായി വർക്ക് ചെയ്തിട്ടുണ്ട്. ഒരിക്കലും വിട്ടുകൊടുക്കാതെ ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്.എന്റെ ജീവിതത്തിൽ എനിക്ക് രണ്ട് റോൾ മോഡലുകളാണ് ഉണ്ടായിട്ടുള്ളത്.സിദാനും റൊണാൾഡോ നസാരിയോയുമാണ് ആ രണ്ട് റോൾ മോഡലുകൾ.ഇതെന്റെ സ്വപ്നമായിരുന്നു.എല്ലാം സാധ്യമാണ് എന്നെനിക്കറിയാമായിരുന്നു. എനിക്ക് ഫ്രാൻസ് ടീമിൽ ഇടം നേടാൻ കഴിയാത്ത ഒരു സമയമുണ്ടായിരുന്നു. എന്റെ കരിയറിലെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു അത്.എന്നാൽ ഒരിക്കലും വിട്ടു നൽകാൻ ഞാൻ തയ്യാറായിരുന്നില്ല.

എന്റെ യാത്ര ഇവിടെ എത്തിനിൽക്കുന്നതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.ഇതൊരിക്കലും എളുപ്പമായിരുന്നില്ല.വളരെയധികം ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം പ്രായം വെറും അക്കം മാത്രമാണ്.എനിക്ക് ഇപ്പോഴും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. ഞാൻ എപ്പോഴും സ്വപ്നങ്ങളെ ജീവനോടെ നിലനിർത്തും. എനിക്ക് ഇനിയും നേട്ടങ്ങൾ കരസ്ഥമാക്കേണ്ടതുണ്ട് ” ബെൻസിമ പറഞ്ഞു.

കഴിഞ്ഞ സീസണിൽ റയലിനു വേണ്ടി 46 ഗോളുകളും 15 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. മാത്രമല്ല ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും ബെൻസിമ നേടിയിട്ടുണ്ട്. കൂടാതെ നേഷൻസ് ലീഗും ഫ്രാൻസിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 1956ന് ശേഷം ബാലൺഡി’ഓർ നേടുന്ന പ്രായം കൂടിയ താരം കൂടിയാണ് ബെൻസിമ.

Leave a Reply

Your email address will not be published. Required fields are marked *