പുത്തരിയിൽ കല്ലുകടിച്ചു, ഡിജോങിനെ പൂർവ്വസ്ഥിതിയിലാക്കാൻ കൂമാനും ഷ്രൂഡറും !

പുത്തരിയിൽ കല്ലുകടി എന്ന അവസ്ഥയാണ് ഫ്രാങ്കി ഡിജോങിന് ബാഴ്‌സയിൽ വരവേറ്റത്.ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണംകെട്ട തോൽവി ബാഴ്സ ഏറ്റുവാങ്ങിയപ്പോൾ ടീമിലൊരു അംഗമായി ഡിജോങ്ങും കൂടെയുണ്ടായിരുന്നു. ഇരുപത്തിമൂന്നു വയസ്സുകാരനായ താരം ഈ സീസണിൽ നാല്പത്തിരണ്ട് മത്സരങ്ങളിൽ നിന്നായി 3222 മിനുട്ടുകൾ കളത്തിൽ ചിലവഴിച്ചു. പക്ഷെ മധുരമുള്ള ഓർമകളല്ല ഈ സീസണിൽ ബാഴ്‌സ ഡിജോങിന് സമ്മാനിച്ചത്. ലാലിഗ കിരീടം റയലിന് മുന്നിൽ അടിയറവ് വെച്ച ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നാണംകെട്ട് പുറത്താവുകയും ചെയ്തു. തുടർന്ന് ഒരൊറ്റ ട്രോഫി പോലുമില്ലാതെയാണ് ഡിജോങ്ങും ബാഴ്സയും ഈ സീസൺ അവസാനിപ്പിച്ചത്.

എന്നാൽ പുതിയ സീസൺ ഡിജോങിന് പ്രതീക്ഷ നൽകുന്നത്. ഡച്ച് പരിശീലകൻ ആയിരുന്ന കൂമാൻ ബാഴ്സ പരിശീലകൻ ആയി ചുമതലയേറ്റു. മുമ്പ് അയാക്സിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ഷ്രൂഡറും നിലവിൽ കൂമാനൊപ്പം കോച്ചിംഗ് സ്റ്റാഫിൽ ഉണ്ട്. കൂടാതെ ഡച്ച് ടീമിലെ തന്റെ സഹതാരങ്ങളായ ഡോണി വാൻ ഡി ബീക്ക്, മെംഫിസ് ഡിപേ, വിനാൾഡം എന്നിവരെയൊക്കെ ബാഴ്സ നോട്ടമിട്ടതായി സൂചനകൾ ഉണ്ട്. ഇങ്ങനെ എല്ലാം കൊണ്ടും തനിക്ക് അനുകൂലമായ ഒരു സാഹചര്യം ആണ് ബാഴ്‌സയിൽ ഡിജോങിന് വളർന്നു വരുന്നത്. മുൻപ് അയാക്സിലും ഹോളണ്ടിലും കളിച്ച അതേ പൊസിഷൻ ഡിജോങിന് ബാഴ്‌സ നൽകിയിട്ടില്ല എന്ന് കൂമാൻ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്ക് കീഴിൽ താരം അർഹിക്കുന്ന പൊസിഷൻ നൽകുമെന്നും കൂമാൻ അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ വരും സീസണിൽ ബാഴ്‌സയിലെ നിർണായകതാരമാവാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് ഡിജോങ്.

Leave a Reply

Your email address will not be published. Required fields are marked *