പുതിയ സീസൺ എത്തുന്നു, കരിം ബെൻസിമയെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകൾ !

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലാലിഗ ചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരങ്ങളിലൊരാൾ കരിം ബെൻസിമയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ഈ വരുന്ന സീസണിലും മികച്ച പ്രകടനം നടത്തി ടീമിനെ മുന്നോട്ട് നയിക്കാൻ തന്നെയാണ് ബെൻസിമയുടെ തീരുമാനം. മാത്രമല്ല, ഒരുപിടി റെക്കോർഡുകളും ഈ സീസണോട് കൂടി ബെൻസിമയെ കാത്തിരിക്കുന്നുണ്ട്. ഈ നേട്ടങ്ങൾ എല്ലാം തന്നെ സ്വന്തം കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ബെൻസിമ കളത്തിലേക്കിറങ്ങുക. ആദ്യമായി റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരം എന്ന റെക്കോർഡ് ആണ് ബെൻസിമയെ കാത്തിരിക്കുന്നത്. 527 മത്സരങ്ങൾ കളിച്ച റോബർട്ടോ കാർലോസിന്റെ റെക്കോർഡ് ആണ് ബെൻസിമക്ക് ഭേദിക്കാനുള്ളത്. 513 മത്സരങ്ങൾ ബെൻസിമ കളിച്ചു കഴിഞ്ഞു. 509 മത്സരങ്ങൾ കളിച്ച മാഴ്‌സെലോ പിറകിലുമുണ്ട്. അടുത്തതായി റയൽ മാഡ്രിഡ്‌ ചരിത്രത്തിലെ ഗോൾ വേട്ടക്കാരിൽ നാലാം സ്ഥാനം കരസ്ഥമാക്കുക എന്നതാണ്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ബെൻസിമ ഉള്ളത്.

ഫെറെൻക് പുഷ്‌കാസ്, ഹ്യൂഗോ സാഞ്ചസ് എന്നിവരെ പിന്തള്ളിയാണ് ബെൻസിമ അഞ്ചാമത് എത്തിയത്. ഇനി മുമ്പിലുള്ളത് സാന്റില്ലാനയാണ്. 290 ഗോളുകൾ ആണ് അദ്ദേഹം നേടിയിട്ടുള്ളത്. 41 ഗോളുകൾ കൂടി നേടിയാൽ ബെൻസിമക്ക് ഇദ്ദേഹത്തിനൊപ്പമെത്താം. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ താരമെന്ന പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ബെൻസിമക്ക് വേണ്ടത് ഏഴ് ഗോളുകൾ ആണ്. റൗൾ നേടിയ 71 ഗോളുകൾ ആണ് ഇദ്ദേഹത്തിന് തകർക്കാനുള്ളത്. മെസ്സി, ക്രിസ്റ്റ്യാനോ എന്നിവരാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു നേട്ടം ക്ലബ്ബിന് വേണ്ടി 700 മത്സരങ്ങൾ കളിക്കുക എന്നുള്ളതാണ്. ഇതുവരെ 661 മത്സരങ്ങൾ താരം കളിച്ചു കഴിഞ്ഞു. ലാലിഗയിൽ 31 ഗോളുകൾ കൂടി നേടിയാൽ ഇരുന്നൂറ് ഗോളുകൾ എന്ന നേട്ടം കൈവരിക്കാൻ ബെൻസിമക്ക് സാധിക്കും. ലാലിഗയിൽ അഞ്ച് അസിസ്റ്റുകൾ കൂടി നേടിയാൽ 100 അസിസ്റ്റുകൾ എന്ന നേട്ടം കൈവരിക്കാനും ബെൻസിമക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *