നഷ്ടപരിഹാരം വേണം, ബാഴ്സക്കെതിരെ നിയമനടപടിക്കൊരുങ്ങി സെറ്റിയൻ !

കഴിഞ്ഞ ദിവസമായിരുന്നു മുൻ ബാഴ്സ പരിശീലകൻ കീക്കെ സെറ്റിയൻ ഔദ്യോഗികമായി ബാഴ്സയുടെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി സെറ്റിയനെ പുറത്താക്കിയ വിവരം ബാഴ്സ ഫുട്ബോൾ ലോകത്തെ അറിയിച്ചിരുന്നു. തുടർന്ന് പരിശീലകനായി റൊണാൾഡ് കൂമാനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ പേപ്പർ വർക്കുകൾ വൈകിയത് പ്രകാരം കഴിഞ്ഞ ദിവസം വരെ ബാഴ്സയുടെ പരിശീലകനായി ഔദ്യോഗികമായി നിലവിൽ ഉണ്ടായിരുന്നത് സെറ്റിയൻ ആയിരുന്നു. തുടർന്ന് ബാഴ്സ ഇത് പരിഹരിക്കുകയും സെറ്റിയനെ പുറത്താക്കി റൊണാൾഡ് കൂമാനെ നിയമിക്കുകയും ചെയ്തു. എന്നാലിപ്പോൾ ബാഴ്സക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കീക്കെ സെറ്റിയൻ. നഷ്ടപരിഹാരം വേണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ് സെറ്റിയൻ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

അതായത് കാലാവധി കഴിയുന്നതിനു മുമ്പാണ് സെറ്റിയൻ പുറത്താക്കപ്പെട്ടത്. കരാർ പ്രകാരം ബാക്കിയുള്ള തുകയായ നാലു മില്യൺ യുറോ തനിക്ക് ലഭിക്കണം എന്നാണ് സെറ്റിയന്റെ ആവിശ്യം. അല്ലാത്തപക്ഷം അദ്ദേഹം കോടതിയെ സമീപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യുവിനെതിരെ അദ്ദേഹം ഒരു പ്രസ്താവന ഇറക്കിയിരുന്നു. പുറത്താക്കപ്പെട്ടാലുള്ള നഷ്ടപരിഹാരങ്ങളോ കുറിച്ചോ നടപടിക്രമങ്ങളെ കുറിച്ചോ ബർതോമ്യു മുമ്പ് തന്നെ അറിയിച്ചില്ല എന്നാണ് സെറ്റിയന്റെ ആരോപണം. ഒരു ഒഫീഷ്യൽ ലെറ്ററിലൂടെയാണ് സെറ്റിയൻ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഇതാദ്യമായാണ് പുറത്താക്കപ്പെട്ട ശേഷം സെറ്റിയൻ ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കുന്നത്. ഏതായാലും സെറ്റിയൻ പ്രശ്നം കൂടി ബാഴ്‌സക്ക് ഇപ്പോൾ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *