തെരുവിൽ പരിശീലനം നടത്തി ആർതുറോ വിദാൽ, ചിത്രങ്ങൾ പുറത്ത് !
ഈ വരുന്ന സീസണിലേക്ക് തങ്ങൾക്ക് ആവിശ്യമില്ല എന്ന് ബാഴ്സ അറിയിച്ചു താരമാണ് ആർതുറോ വിദാൽ. തുടർന്ന് താരം ഇന്റർ മിലാനിലേക്ക് പോവാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അത് ഏകദേശം ഫലം കണ്ടിട്ടുണ്ട്. താരം ഉടൻ തന്നെ മിലാനിലേക്ക് പറക്കുമെന്നും ഇന്ററുമായി കരാറിൽ ഒപ്പുവെക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ നിലവിൽ താരം ബാഴ്സലോണ നഗരത്തിലുണ്ട്. തുടക്കത്തിൽ ബാഴ്സലോണ ടീമിനൊപ്പം താരം ചേർന്നിരുന്നുവെങ്കിലും പരിശീലകൻ കൂമാൻ താരത്തെ സൗഹൃദമത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയും താരത്തോട് തനിച്ച് പരിശീലനം ചെയ്യാൻ ആവിശ്യപ്പെടുകയുമാണ് ഉണ്ടായത്. എന്നാൽ തന്റെ പരിശീലനം മുടക്കാൻ വിദാൽ തയ്യാറായിട്ടില്ല. ബാഴ്സലോണ നഗരവീഥികളിൽ പരിശീലനം നടത്തുന്ന വിദാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.
Arturo Vidal is training on the streets of Barcelona as he awaits Inter movehttps://t.co/5M0nuq4O8p
— SPORT English (@Sport_EN) September 16, 2020
താരത്തിന്റെ പരിശീലകനായ യുവാൻ റമിറസാണ് താരം തെരുവിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്ത് വിട്ടത്. കിങ് ആർതുറോ എന്ന അടിക്കുറിപ്പും വെച്ചാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്. വിദാലിന്റെ ഒരു സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിശീലനം നടത്തുന്നത്. നിലവിൽ ബാഴ്സയിലെ തന്റെ സഹതാരങ്ങളോട് വിദാൽ വിടപറഞ്ഞിട്ടുണ്ട്. ഉടനെ തന്നെ താരം മിലാനിലേക്ക് പറക്കും എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സയുടെ ടെക്നിക്കൽ സെക്രട്ടറിയായ റാമോൺ പ്ലാനസ് വിദാലിന് നന്ദി അർപ്പിച്ചിരുന്നു. മിറലം പ്യാനിക്കിന്റെ അവതരണവേളയിലാണ് ഇദ്ദേഹം വിദാലിന്റെ ആത്മാർത്ഥക്ക് നന്ദി അർപ്പിച്ചത്. തന്റെ മുൻ പരിശീലകൻ ആയിരുന്ന കോന്റെക്ക് കീഴിലാണ് ഇനി വിദാൽ കളിക്കുക.