ടെർസ്റ്റീഗൻ മടങ്ങിയെത്തി, ബാഴ്സക്ക് ആശ്വാസം !

പരിക്കിൽ നിന്നും മുക്തനായി കൊണ്ട് ബാഴ്സയുടെ സൂപ്പർ ഗോൾകീപ്പർ മാർക്ക് ആൻഡ്രേ ടെർസ്റ്റീഗൻ പരിശീലനത്തിന് മടങ്ങിയെത്തി. ഇന്നലെയാണ് താരം പരിശീലനത്തിന് വേണ്ടി ടീമിനോടൊപ്പം ചേർന്നത്. ഏകദേശം രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ടെർ സ്റ്റീഗൻ ടീമിനൊപ്പം ചേരുന്നത്. താരത്തെ കുറച്ചു കാലങ്ങളായി അലട്ടിയിരുന്ന പ്രശ്നമായിരുന്നു കാൽമുട്ടിന്റെ ഇഞ്ചുറി. തുടർന്ന് സീസൺ അവസാനിച്ച ഉടനെ ആഗസ്റ്റിൽ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു. തുടർന്ന് വിശ്രമത്തിന് ശേഷം ഇന്നലെ പരിശീലനത്തിനിറങ്ങി.ലാലിഗയിൽ നടക്കുന്ന അലാവസിനെതിരെയുള്ള മത്സരത്തിനുള്ള സ്‌ക്വാഡിൽ താരം ഇടം പിടിച്ചേക്കുമെന്ന് മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

താരത്തിന്റെ അഭാവത്തിൽ ഈ സീസണിൽ നെറ്റോയാണ് ഗോൾവലകാത്തത്. ഗോളുകൾ വഴങ്ങിയിരുന്നുവെങ്കിലും മികച്ച പ്രകടനം തന്നെയാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്. ഏതായാലും ടെർ സ്റ്റീഗന്റെ വരവ് ബാഴ്സക്ക് ആശ്വാസകരമാണ്. ബാഴ്‌സയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ടെർസ്റ്റീഗൻ. കഴിഞ്ഞ സീസണിൽ നാല്പത്തിയാറ് മത്സരങ്ങളാണ് ടെർസ്റ്റീഗൻ കളിച്ചിരുന്നത്. ഇരുപത്തിയേഴുവയസ്സുകാരനായ താരം മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. എന്നാൽ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിലേറ്റ തോൽവി താരത്തിന്റെ കരിയറിലെ കറുത്ത പാടായി മാറുകയായിരുന്നു. 2014-ൽ 12 മില്യൺ യൂറോക്ക് ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷിൽ നിന്നുമാണ് താരം ബാഴ്സയിൽ എത്തിയത്. ഏതായാലും സ്റ്റീഗന്റെ തിരിച്ചു വരവോടെ നെറ്റോക്ക് സ്ഥാനം നഷ്ടമാവും.

Leave a Reply

Your email address will not be published. Required fields are marked *