ഞാൻ പറയുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവിടെയൊരു വാതിലുണ്ട്, സെറ്റിയൻ മെസ്സിയോട് പറഞ്ഞതായി വെളിപ്പെടുത്തൽ !

ഏകദേശം ആറു മാസക്കാലമാണ് കീക്കെ സെറ്റിയൻ ബാഴ്‌സയുടെ പരിശീലകസ്ഥാനത്ത് തുടർന്നത്. ചാമ്പ്യൻസ് ലീഗിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സെറ്റിയന്റെ തൊപ്പിയും തെറിച്ചു. സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടുന്ന ബാഴ്‌സ താരങ്ങളോട് സെറ്റിയൻ അത്ര സ്വരചേർച്ചയിൽ അല്ലായിരുന്നു എന്നുള്ളത് മുമ്പ് തന്നെ വ്യക്തമായ കാര്യമാണ്. കഴിഞ്ഞ സീസണിൽ നടന്ന സെൽറ്റ വിഗോക്കെതിരെയുള്ള മത്സരത്തിൽ അതിനുള്ള തെളിവുകളും പുറത്തു വന്നിരുന്നു. ബാഴ്‌സയുടെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു എഡർ സറാബിയയുടെ നിർദ്ദേശങ്ങൾ അവഗണിച്ചു കൊണ്ട് മെസ്സി നടന്നു പോവുന്നത് വലിയ തോതിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ അന്നേ ദിവസം ഡ്രസിങ് റൂമിൽ വെച്ച് സെറ്റിയൻ മെസ്സിയോട് പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്പാനിഷ് മാധ്യമം. ” ഞാൻ പറയുന്നത് ഇഷ്ടപ്പെട്ടിട്ടിലെങ്കിൽ അവിടെയൊരു വാതിലുണ്ട് ” എന്നാണ് സെറ്റിയൻ മെസ്സിയോട് പറഞ്ഞതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

സെറ്റിയന്റെ താരങ്ങളോടുള്ള പെരുമാറ്റത്തിൽ മുമ്പ് തന്നെ മെസ്സിക്ക് അസംതൃപ്തിയുണ്ടായിരുന്നു. ബാഴ്‌സയിലുള്ള എല്ലാ താരങ്ങളും അവർക്ക് കഴിയുന്നതെല്ലാം നേടിയവരാണെന്നും സെറ്റിയനേക്കാൾ ട്രാക്ക് റെക്കോർഡ് ഉള്ളവരാണ് താരങ്ങൾ എന്നുമാണ് മെസ്സിയുടെ പക്ഷം. അത് കൊണ്ട് ” താരങ്ങളെ ബഹുമാനിക്കൂ ” എന്നാണ് മെസ്സി സെറ്റിയനോട് ആവിശ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് സെറ്റിയൻ മെസ്സിയോട് ഇറങ്ങി പൊക്കോളൂ എന്ന രൂപത്തിൽ സംസാരിച്ചത് എന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ സെറ്റിയന്റെ ഈ പ്രസ്താവനയോട് മെസ്സി പ്രതികരിച്ചില്ലെന്നും പുഞ്ചിരിച്ചു കൊണ്ട് മെസ്സി നടന്നകലുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം മെസ്സിയെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ആണെന്ന് സെറ്റിയൻ തന്നെ നേരിട്ട് തുറന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *