ക്രിസ്റ്റ്യാനോ പോയതോടെ റയലിന്റെയും ബാഴ്സയുടെയും ഗോളടി കുറഞ്ഞു, ലീഗിൽ 90 ഗോളുകൾ നേടുന്ന ടീമിന് കിരീടം?

1987/88 സീസണിൽ ആയിരുന്നു ലാലിഗയിൽ ഇരുപത് ടീമുകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അതിന് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലാലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് പെപ് ഗ്വാർഡിയോളയുടെ ബാഴ്സയായിരുന്നു. 2008/09-ൽ ബാഴ്സ 105 ഗോളുകൾ നേടികൊണ്ടാണ് കിരീടമുയർത്തിയത്. എന്നാൽ കുറഞ്ഞ ഗോളുകൾ നേടികൊണ്ടും കിരീടമുയർത്തിയ ടീമുകളെ ഈ നൂറ്റാണ്ടിൽ കാണാനാവും. 2002-ൽ കേവലം 51 ഗോളുകൾ മാത്രം നേടികൊണ്ടാണ് വലൻസിയ ലാലിഗ നേടിയത്. കൂടാതെ 2000-ൽ ഡിപോർട്ടിവോ ലാ കൊരൂണയും 2007-ൽ റയൽ മാഡ്രിഡും കേവലം 66 ഗോളുകൾ നേടികൊണ്ടാണ് ലീഗ് ചാമ്പ്യൻമാരായത്. പക്ഷെ മെസ്സിയും ക്രിസ്റ്റ്യാനോയും ലാലിഗയിൽ ഗോളടി വേട്ട ആരംഭിച്ചതോടെ കഥ മാറി. ഓരോ സീസണിലും പിന്നീട് ഇരുടീമുകളും 90 ഗോളിന് മുകളിൽ നേടാൻ തുടങ്ങി. അതായത് ഈ സീസണിലും 90 ഗോളുകൾ നേടാൻ പ്രാപ്തിയുള്ള ടീം ഏതോ അവർക്ക് കിരീടസാധ്യതയുണ്ട് എന്നർത്ഥം.പക്ഷെ കഴിഞ്ഞ സീസണിൽ ബാഴ്സ കൂടുതൽ ഗോളുകൾ നേടിയിട്ടും കിരീടമണിഞ്ഞത് റയൽ ആണെന്ന കാര്യം ഇതിനോട് ചേർത്തു വായിക്കാം.

മെസ്സിയും റൊണാൾഡോയും ലാലിഗയിൽ വന്നതോടെയാണ് ഗോൾവേട്ട പലപ്പോഴും നൂറിന് മുകളിൽ പോവാൻ തുടങ്ങിയത്. ക്രിസ്റ്റ്യാനോക്കൊപ്പം റയൽ എല്ലാ സീസണിലും 94 ഗോളുകൾക്ക് മുകളിൽ നേടിയിരുന്നു. ഇതിൽ എട്ട് സീസണിൽ നൂറ് ഗോളിന് മുകളിൽ നേടുകയും ചെയ്തു. അതേ സമയം മെസ്സിയുടെ വരവും ബാഴ്സയിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. റൊണാൾഡോ ഉള്ള കാലത്ത് മെസ്സിയടക്കമുള്ള ബാഴ്സ എപ്പോഴും 95 ഗോളിന് മുകളിൽ നേടുമായിരുന്നു. ഏഴ് തവണ ബാഴ്‌സ നൂറ് കടക്കുകയും ചെയ്തു. എന്നാൽ റൊണാൾഡോ പോയതോടെ റയലിന്റെ ഗോൾവേട്ട കുറഞ്ഞു. താരം പോയതിന് ശേഷം ആദ്യത്തെ സീസണിൽ 63-ഉം രണ്ടാം സീസണിൽ 70 ഗോളുകളാണ് ബാഴ്സ നേടിയത്. അതേ സമയം ബാഴ്‌സ കഴിഞ്ഞ രണ്ട് സീസണുകളിൽ യഥാക്രമം 90, 86 ഗോളുകൾ നേടി. മെസ്സി ബാഴ്സക്കൊപ്പം ഉണ്ടായിരുന്നു. ചുരുക്കത്തിൽ റൊണാൾഡോ പോയതിന് ശേഷം ലാലിഗയിലെ ഗോൾവേട്ടയിൽ തന്നെ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ സീസണിൽ 90 ഗോളുകൾ നേടാൻ കഴിയുന്ന ഒരു ടീമിന് കിരീടസാധ്യതകൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *