ക്യാമ്പ് നൗവിൽ സിദാൻ ഒരൊറ്റ മത്സരം പോലും തോറ്റിട്ടില്ല,ആ ആശ്വാസത്തിൽ റയൽ മാഡ്രിഡ്‌ ഇന്നിറങ്ങുന്നു !

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയാണ് ഇന്ന് നടക്കാനിരിക്കുന്നത്. ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-നാണ് മത്സരം നടക്കുക. ഇരുടീമുകളും ലാലിഗയിലെ അവസാനത്തെ തങ്ങളുടെ മത്സരം തോറ്റു കൊണ്ടാണ് എൽ ക്ലാസിക്കോക്ക് വരുന്നത് എന്ന സവിശേഷത കൂടി ഈ മത്സരത്തിനുണ്ട്. റയൽ മാഡ്രിഡ്‌ കാഡിസിനോടും ബാഴ്സ ഗെറ്റാഫെയോടും തോറ്റു കൊണ്ടാണ് വരവ്. എന്നാൽ റയൽ ചാമ്പ്യൻസ് ലീഗിൽ ഷക്തറിനോട് പരാജയപ്പെട്ടപ്പോൾ ബാഴ്സ ഫെറെൻക്വേറൊസിനെതിരെ ഉജ്ജ്വലവിജയം നേടിയിരുന്നു. അത്‌കൊണ്ട് തന്നെ സമീപകാലത്തെ ഫോം വെച്ച് നോക്കുമ്പോൾ ബാഴ്സക്കാണ് മുൻ‌തൂക്കം എന്ന് പറയേണ്ടി വരും.

എന്നാൽ കടലാസ്സിലെ ചില കണക്കുകൾ റയൽ മാഡ്രിഡിന് അനുകൂലമാണ്. റയലിന്റെ പരിശീലകനായി സിദാൻ ചുമതലയേറ്റ ശേഷം ഒരൊറ്റ മത്സരം പോലും റയൽ മാഡ്രിഡ്‌ ക്യാമ്പ് നൗവിൽ വെച്ച് തോറ്റിട്ടില്ല. അഞ്ച് തവണയാണ് ക്യാമ്പ് നൗവിൽ വെച്ച് സിദാൻ ബാഴ്സയെ നേരിട്ടത്. ഇതിൽ ഒരൊറ്റ തവണ പോലും തോറ്റിട്ടില്ല. ആകെ ഒമ്പത് തവണയാണ് സിദാന്റെ റയൽ ബാഴ്സ നേരിട്ടത്. ഇതിൽ രണ്ട് തോൽവിയും നാലു വിജയവും മൂന്ന് സമനിലയുമാണ് സിദാന്റെ സമ്പാദ്യം. ഈ രണ്ട് തോൽവിയും സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ്.

2016 ഏപ്രിൽ രണ്ടിനാണ് സിദാൻ ബാഴ്സയെ ക്യാമ്പ് നൗവിൽ വെച്ച് ആദ്യമായി നേരിടുന്നത്. ഈ മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് റയൽ വിജയിച്ചത്. ബെൻസിമ, ക്രിസ്റ്റ്യാനോ എന്നിവരാണ് അന്ന് ഗോളുകൾ നേടിയത്. തുടർന്ന് ആ വർഷം തന്നെ ഡിസംബർ മൂന്നിന് റയൽ ബാഴ്സയെ ക്യാമ്പ് നൗവിൽ വെച്ച് നേരിട്ടു. അന്ന് റാമോസ് തൊണ്ണൂറാം മിനുട്ടിൽ നേടിയ ഗോൾ മുഖേന റയൽ സമനില പിടിച്ചു. പിന്നീട് 2017/18 സീസണി സൂപ്പർ കോപ്പ ഡി എസ്‌പാനയിൽ ക്യാമ്പ് നൗവിൽ വെച്ച് 3-1 നാണ് സിദാന്റെ റയൽ ബാഴ്‌സയെ തകർത്തത്. പിന്നീട് 2018-ൽ മെയിൽ നടന്ന മത്സരത്തിൽ ബാഴ്സയും റയലും 2-2 സമനിലയിൽ പിരിഞ്ഞു. പിന്നീട് കഴിഞ്ഞ സീസണിൽ ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *