കൊറോണക്കെതിരായ ധനസമാഹരണം, റയൽ മാഡ്രിഡിനെ ചാമ്പ്യൻമാരാക്കി അസെൻസിയോ

കൊറോണക്കെതിരെയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ലാലിഗയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഫിഫ ട്വന്റി ടൂർണമെന്റിൽ റയൽ മാഡ്രിഡ്‌ ചാമ്പ്യൻമാർ. ഫൈനലിൽ റയലിന് വേണ്ടി കളി മെനഞ്ഞ അസെൻസിയോയാണ് റയലിനെ ചാമ്പ്യൻപട്ടം അണിയിച്ചത്. ഫൈനലിൽ ലെഗാനസിന്റെ എയ്റ്റർ റൂയിബാലിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അസെൻസിയോ തോൽപ്പിച്ചത്. പത്തൊൻപത് ടീമുകളും ഇതിന്റെ ഭാഗമായിരുന്നു. സ്പാനിഷ് വീഡിയോ സ്ട്രീമർ ആയ ഇബൈ ലാനോസിന്റെയും ലാലിഗയുടെയും നേതൃത്വത്തിലായിരുന്നു ടൂർണമെന്റ് നടത്തിയത്.

ലോകം മുഴുവൻ കൊറോണ ഭീതിയിൽ പകച്ചുനിൽക്കുന്ന ഈ സമയത്താണ് ലാലിഗയും താരങ്ങളും ധനസമാഹരണത്തിനായി ഇത്തരമൊരു മാർഗവുമായി രംഗത്ത് വന്നത്. ഇത് വലിയ വിജയമായി തീരുകയും ചെയ്തു. 142000 യുറോയോളം ഇത് വഴി സമാഹരിക്കാൻ ഇവർക്ക് കഴിഞ്ഞു. അസെൻസിയോക്കൊപ്പം ഗാരെത് ബെയ്‌ലും ഈഡൻ ഹസാർഡുമായിരുന്നു റയലിന് വേണ്ടി കളി നിയന്ത്രിച്ചിരുന്നത്. സെമി ഫൈനലിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു റയൽ എയ്ബറിനെ തകർത്തത്. അതിന് മുൻപ് വിയ്യാറയലിനെതിരെ അഞ്ച് ഗോൾ നേടാനും റയലിന് കഴിഞ്ഞിരുന്നു.ടൂർണമെന്റിൽ ഒൻപത് ഗോളുകൾ നേടിയ ഗിഡോ കാറില്ലോ പിച്ചിച്ചീ ട്രോഫിക്കർഹനായി. ഏഴ് ഗോളുകൾ നേടിയ ലൂക്കാസ് പെരെസ് രണ്ടാം സ്ഥാനത്തെത്തി. സമാഹരിച്ച തുക യൂനിസെഫിലേക്ക് കൈമാറാനാണ് ലാലിഗയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *