ഒബമയാങ് റയലിലേക്ക്?
ആഴ്‌സണലിന്റെ സൂപ്പർ സ്ട്രൈക്കെർ ഓബമയാങ് റയൽ മാഡ്രിഡിലേക്കെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയാർജ്ജിക്കുന്നു. താരത്തെ ടീമിലെത്തിക്കാൻ സമയപരിധി നിശ്ചയിച്ചതോടെ റയൽ പരിശ്രമങ്ങൾ ഊർജ്ജിതമാക്കിയതായാണ് റിപ്പോർട്ടുകൾ. പ്രമുഖഇംഗ്ലീഷ് മാധ്യമമായ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ പതിനഞ്ചിന് മുൻപ് ഓബമയാങിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം എന്നാണ് റയലിനോട് ആഴ്‌സണൽ നിർദേശിച്ചിട്ടുള്ളത്. നിലവിൽ ഒരു വർഷം കൂടി ആഴ്‌സണലിൽ കരാറുള്ള താരം കരാർ പുതുക്കാൻ തയ്യാറായിരുന്നില്ല എന്ന് മാത്രമല്ല ക്ലബ് വിടാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ റയലാവട്ടെ താരത്തിന് വേണ്ടി കഠിനപരിശ്രമങ്ങൾ ഒന്നും തുടങ്ങാത്തതിനാൽ താരത്തിന്റെ ഭാവി തുലാസിലാവുകയായിരുന്നു.
റയൽ മാഡ്രിഡിന് താരത്തിനെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെങ്കിലും പെട്ടന്ന് വേണ്ട എന്ന നിലപാടിലാണ് ക്ലബ്. എന്നാൽ താരത്തിന്റെ കാര്യത്തിൽ പെട്ടന്ന് തീരുമാനം എടുക്കണമെന്ന നിലപാടിലാണ് ആഴ്‌സണലും. ഇതിനാൽ തന്നെ നിലവിൽ റയലിന്റെ മുന്നിലുള്ള മികച്ച ഓപ്ഷൻ എന്നുള്ളത് സ്വാപ് ഡീലാണ്. ആഴ്‌സണലിൽ ലോണിൽ കളിക്കുന്ന സെബയോസിനെ സ്ഥിരമാക്കാൻ അനുവാദം നൽകികൊണ്ട് ഒബമയാങ്ങിനെ റയൽ വാങ്ങേണ്ടി വന്നേക്കും. 2020/21 സീസണോടെ സെബയോസിന്റെ ലോൺ കാലാവധി അവസാനിക്കും. സെബയോസിനെ നൽകിയാലും ബാക്കി പണമായി റയൽ നൽകേണ്ടി വന്നേക്കും. സെബയോസിന് റയലിലേക്ക് തിരിച്ചു വരാൻ താല്പര്യമുണ്ടെങ്കിലും ഇലവനിൽ സ്ഥാനം ലഭിച്ചാൽ മാത്രമേ താരം തിരികെ റയലിലെത്തുകയൊള്ളു. ഏതായാലും ഒബമയാങിന്റെ കാര്യത്തിൽ ഉടനെ തന്നെ തീരുമാനം കൈക്കൊള്ളാൻ റയൽ നിർബന്ധിതരായിരിക്കുകയാണ്.