എന്തുകൊണ്ട് യുണൈറ്റഡിലേക്ക് പോവാതെ ബാഴ്സയിൽ തന്നെ തുടർന്നു? ഡി യോങ് വ്യക്തമാക്കുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരങ്ങളിൽ ഒരാളാണ് എഫ്സി ബാഴ്സലോണയുടെ ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങ്. താരത്തെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് അവരുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് തന്നെയായിരുന്നു. മികച്ച ഒരു തുക ലഭിക്കും എന്നതിനാൽ ഡി യോങ്ങിനെ ഒഴിവാക്കാൻ ബാഴ്സ തീരുമാനിച്ചിരുന്നു. പക്ഷേ ക്ലബ്ബിൽ തന്നെ തുടരാൻ ഡി യോങ് തീരുമാനിച്ചതോടെ ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു.

ഇപ്പോഴിതാ ട്രാൻസ്ഫറിനെ കുറിച്ച് ഡി യോങ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ബാഴ്സ തന്നെ വിൽക്കാൻ ശ്രമിച്ചിരുന്നു എന്നുള്ള കാര്യം ഡി യോങ് വെളിപ്പെടുത്തി കഴിഞ്ഞു. എന്നാൽ താൻ ഇവിടെ തുടരാൻ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ക്ലബ് വിടാൻ വിസമ്മതിച്ചതെന്നും ഡി യോങ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സയുമായി സംസാരിച്ചിരുന്നു.പക്ഷേ സത്യം എന്തെന്നാൽ എനിക്ക് ബാഴ്സയിൽ തന്നെ തുടരണം എന്നായിരുന്നു.ക്ലബ്ബ് ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെ ആയിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്.ഒരു വലിയ തുകക്ക് എന്നെ വിൽക്കാൻ അവർ തീരുമാനിച്ചിരുന്നു.പക്ഷേ എനിക്ക് ക്ലബ്ബ് വിട്ട് പുറത്തുപോകാൻ ആഗ്രഹമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ ബാഴ്സയിൽ തന്നെ തുടർന്നത്. എല്ലാം നല്ല രൂപത്തിൽ പോവുകയാണെങ്കിൽ ഒരുപാട് കാലം ഞാൻ ഇവിടെ തന്നെ ഉണ്ടാവും.ഈ സീസണിൽ ഇപ്പോൾ ലാലിഗ കിരീടം എനിക്ക് നേടാൻ കഴിഞ്ഞു. ഇനി ഹോളണ്ടിനൊപ്പം യുവേഫ നേഷൻസ് ലീഗ് കിരീടം കൂടി നേടണം എന്നാണ് എന്റെ ആഗ്രഹം.അത് നേടാൻ കഴിഞ്ഞാൽ ഞങ്ങൾ സംബന്ധിച്ചിടത്തോളം നല്ല ഒരു കാര്യം തന്നെയായിരിക്കും ” ഇതാണ് ഡി യോങ് പറഞ്ഞിട്ടുള്ളത്.

2019ൽ ഡച്ച് ക്ലബ്ബായ അയാക്സിൽ നിന്നായിരുന്നു ഡി യോങ് ബാഴ്സയിൽ എത്തിയത്. ക്ലബ്ബിനുവേണ്ടി 180 മത്സരങ്ങൾ അദ്ദേഹം ആകെ കളിച്ചിട്ടുണ്ട്. മൂന്നുവർഷത്തെ കോൺട്രാക്ട് ഇനിയും ക്ലബ്ബുമായി അവശേഷിക്കുന്നുമുണ്ട്. ഈ ലാലിഗയിൽ 30 മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!