എംബപ്പേ,ഹൂലിയൻ,ഒൽമോ..ലാലിഗ ഇത്തവണ പൊളിക്കും!
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ സമ്മർ ട്രാൻസ്ഫർ ജാലകം ഇപ്പോൾ ക്ലോസ് ചെയ്യുകയാണ്.ഒരുപാട് പ്രധാനപ്പെട്ട ട്രാൻസ്ഫറുകൾ ഇത്തവണ നടന്നിട്ടുണ്ട്. പതിവുപോലെ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെയാണ്. 2.2 ബില്യൺ യൂറോയാണ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആകെ ചിലവഴിച്ചിട്ടുള്ളത്.ഇറ്റാലിയൻ ലീഗ് ഒരു ബില്യൺ യൂറോ ചിലവഴിച്ചിട്ടുണ്ട്. ലീഗ് വൺ 702 മില്യണും ജർമൻ ലീഗ് 594 മില്യണും ലാലിഗ 554 മില്യൺ യൂറോയുമാണ് ആകെ ചിലവഴിച്ചിട്ടുള്ളത്.
ടോപ്പ് ഫൈവ് ലീഗുകളിൽ കുറവ് പണം ചിലവഴിച്ചിട്ടുള്ളത് ലാലിഗ തന്നെയാണ്.എന്നിരുന്നാലും കൂടുതൽ മികച്ച താരങ്ങളെ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ട താരം എംബപ്പേ തന്നെയാണ്.ഫ്രീ ഏജന്റായ താരത്തെ റയൽ മാഡ്രിഡ് ആണ് സ്വന്തമാക്കിയിട്ടുള്ളത്.എംബപ്പേയുടെ വരവ് എല്ലാ അർത്ഥത്തിലും ലാലിഗക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. അതോടൊപ്പം തന്നെ ഹൂലിയൻ ആൽവരസിന്റെ കാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്.
95 മില്യൺ യൂറോ ചിലവഴിച്ചു കൊണ്ടാണ് അത്ലറ്റിക്കോ മാഡ്രിഡ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. താരത്തെ കൂടാതെ സൊർലോത്ത്,ലെ നോർമാന്റ്,ഗല്ലഗർ എന്നിവരെയും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. എഫ്സി ബാഴ്സലോണ ഒരു താരത്തെ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്.RB ലീപ്സിഗിൽ നിന്നും ഡാനി ഒൽമോയെയാണ് അവർ കൊണ്ടുവന്നിട്ടുള്ളത്.60 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി അവർ ചിലവഴിച്ചിട്ടുള്ളത്. ഇന്നലെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ലെഗാനസാണ്.ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ സെബാസ്റ്റ്യൻ ഹാലറെ അവർ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കുകയായിരുന്നു.ആകെ 14 താരങ്ങളെ ഈ വിൻഡോയിൽ സ്വന്തമാക്കിയ ലാസ് പാൽമസും ലാലിഗയിൽ ശ്രദ്ധേയമായി.
അതേസമയം ചില പ്രധാനപ്പെട്ട താരങ്ങൾ ലാലിഗ വിടുകയും ചെയ്തിട്ടുണ്ട്.ഗുണ്ടോഗൻ ഒരൊറ്റ സീസൺ മാത്രം കളിച്ചുകൊണ്ട് ബാഴ്സയോട് വിടപറഞ്ഞിട്ടുണ്ട്.മൊറാറ്റ,മെറിനോ,ഫെലിക്സ്,സാവിഞ്ഞോ,ഡോവ്ബിക്ക്,അലയ്ക്സ് ഗാർഷ്യ എന്നിവരൊക്കെ ലാലിഗ വിടുകയും ചെയ്തിട്ടുണ്ട്. ടോണി ക്രൂസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചതും ലാലിഗക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്.