ഉജ്ജ്വലപ്രകടനവുമായി മെസ്സി, ബാഴ്സക്ക് തകർപ്പൻ ജയം

ദീർഘനാളത്തെ ഇടവേളയൊന്നും തന്റെ പ്രതിഭക്ക് ഒരു കോട്ടവും വരുത്തിയിട്ടില്ലെന്ന് അടിയവരയിട്ടുറപ്പിച്ച് മെസ്സി. മെസ്സി അടക്കി ഭരിച്ച മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾ നേടിയാണ് ബാഴ്സ ലാലിഗയിലേക്കുള്ള തിരിച്ചു വരവ് ആഘോഷിച്ചത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി മൂന്ന് ഗോളുകളിൽ പങ്കാളിത്തം അറിയിച്ച മെസ്സി തന്നെയാണ് മത്സരത്തിലെ താരം. ഒരിക്കൽ പോലും ബാഴ്സക്ക് വെല്ലുവിളി ഉയർത്താനാകാതെ മയ്യോർക്ക സ്വന്തം മൈതാനത്ത് ദാരുണമായി കീഴടങ്ങുകയായിരുന്നു. മെസ്സി, വിദാൽ, ആൽബ, ബ്രാത്‌വെയിറ്റ് എന്നിവരാണ് ബാഴ്സക്ക് വേണ്ടി വലകുലുക്കിയത്.

മെസ്സി,ഗ്രീസ്മാൻ എന്നിവരോടൊപ്പം സുവാരസിന്റെ പകരക്കാരനായി ബ്രാത്‌വെയിറ്റും മുന്നേറ്റനിരയിൽ അണിനിരക്കുകയായിരുന്നു. റാകിറ്റിച്ചിന് പകരമായി മധ്യനിരയിൽ വിദാൽ സ്ഥാനം കണ്ടെത്തിയപ്പോൾ ഉംറ്റിറ്റിക്ക് പകരമായി പ്രതിരോധയിൽ റൊണാൾഡ് ബൂട്ടണിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബാഴ്സ ഗോൾ കണ്ടെത്തുകയായിരുന്നു. രണ്ടാം മിനുട്ടിൽ ജോർദി ആൽബയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെയാണ് വിദാൽ വലകുലുക്കിയത്. പിന്നീടും കളത്തിൽ ബാഴ്സ സർവാധിപത്യം പുലർത്തി. മറുഭാഗത്ത് യുവതാരം കുബോ മാത്രമായിരുന്നു ബാഴ്സക്ക് അല്പമെങ്കിലും വെല്ലുവിളി ഉയർത്തിയിരുന്നത്. 37-ആം മിനുട്ടിൽ ബാഴ്സയുടെ രണ്ടാം ഗോൾ വന്നു. ഒരു ചെറു ഹെഡറിലൂടെ മെസ്സി വെച്ചുനീട്ടിയ പന്ത് പവർ ഷോട്ടിലൂടെ താരം വലയിലാക്കി. രണ്ട് ഗോളിന്റെ ലീഡോടെയാണ് ബാഴ്സ ആദ്യപകുതിയിൽ കളം വിട്ടത്.

രണ്ടാം പകുതിയിൽ എഴുപത്തിയൊമ്പതാം മിനുട്ടിലാണ് മൂന്നാം ഗോൾ പിറന്നത്. മെസ്സിയുടെ മനോഹരമായ പാസ്സ് പിടിച്ചെടുത്ത ആൽബ പിഴവില്ലാതെ ഫിനിഷ് ചെയ്യുകയായിരുന്നു. ഒടുവിൽ ആരാധകർ കാത്തിരുന്ന ആ ഗോളുമെത്തി. മത്സരം ശേഷിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സുവാരസിന്റെ പാസ്സ് സ്വീകരിച്ച് ബോക്സിനുള്ളിൽ വെച്ച് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ് താരം തൊടുത്ത ഷോട്ട് വലയെ ചുംബിക്കുകയായിരുന്നു. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ഭദ്രമാക്കാനും ബാഴ്‌സക്ക് സാധിച്ചു. 28 മത്സരങ്ങളിൽ നിന്ന് 19 ജയത്തോടെ 61 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. ഒരു മത്സരം കുറച്ചു കളിച്ച റയൽ മാഡ്രിഡിന് 56 പോയിന്റാണുള്ളത്. ഇന്ന് ലീഗിൽ നടക്കുന്ന മത്സരത്തിൽ റയൽ കളത്തിലിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *