ഈ സീസണിൽ ആരാണ് മുന്നിൽ, മെസ്സിയോ ക്രിസ്റ്റ്യാനോയോ? കണക്കുകൾ ഇങ്ങനെ

ഫുട്ബോൾ ലോകത്തെ രണ്ട് അതികായന്മാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിയറിൻ്റെ അന്തിമഘട്ടത്തിലും ആരാധകരെ വിസ്മയിപ്പിക്കുകയാണ്. 35കാരനായ ക്രിസ്റ്റ്യാനോയും 33കാരനായ ലയണൽ മെസ്സിയും ഇപ്പോഴും 25കാരെപ്പോലും കവച്ചു വെക്കുന്ന പ്രകടനവുമായാണ് കളം നിറയുന്നത്. 2019/20 സീസണിലെ സീരി Aയിലെയും ലാ ലിഗയിലെയും ഇരുവരുടെയും സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവുന്നതാണ്.

ഈ സീസണിൽ ഇറ്റാലിയൻ സീരിAയിൽ ഇതുവരെ യുവെൻ്റസിനായി 23 മത്സരങ്ങളിൽ നിന്നും 22 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുള്ളത്. ഇതിൽ 8 ഗോളുകൾ പെനാൽറ്റിയിലൂടെ നേടിയതാണ്.  മെസ്സിയാവട്ടെ ലാ ലിഗയിൽ ഇതുവരെ FC ബാഴ്സലോണക്കായി 26 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടുകയുണ്ടായി. ഇവയിൽ 4 എണ്ണം പെനാൽറ്റി ഗോളുകളാണ്. അതായത് ഗോളടിയുടെ കാര്യത്തിൽ ഇരുവരും ഏറെക്കുറെ തുല്ല്യരാണ് എന്നർത്ഥം. ലാ ലിഗയിൽ ഇനി ബാഴ്സലോണയ്ക്ക് 7 മത്സരങ്ങളാണ് ബാക്കിയുള്ളതെങ്കിൽ സീരിAയിൽ യുവെൻ്റസിന് 11 മത്സരങ്ങൾ ബാക്കിയുണ്ട്. അതിനാൽ സീസൺ അവസാനിക്കുമ്പോൾ കൂടുതൽ ഗോളുകളുമായി ഈ രണ്ട് പേരിൽ ഇത്തവണ ക്രിസ്റ്റ്യാനോ മുന്നിലെത്താനാണ് കൂടുതൽ സാധ്യത.

അസിസ്റ്റുകളുടെ കാര്യം പരിശോധിച്ചാൽ മെസ്സി ഏറെ മുന്നിലാണ്. ഈ സീസണിൽ ഇതിനോടകം ലാലിഗയിൽ മെസ്സി 15 അസിസ്റ്റുകൾ കുറിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ 3 അസിസ്റ്റുകൾ മാത്രമാണുള്ളത്. ലാ ലിഗയിൽ ഇപ്പോൾ ഗോളിലും അസിസ്റ്റിലും ഒന്നാമതുള്ളത് മെസ്സിയാണ്. അത് തന്നെയാണ് മെസ്സിയെ വ്യത്യസ്തനാക്കുന്നതും. ഈ സീസണിലെ ടോട്ടൽ ഗോൾ കോൺട്രിബ്യൂഷൻസ് എടുത്താൽ മെസ്സിക്ക് 36ഉം ക്രിസ്റ്റ്യാറ്റ്യാനോക്ക് 25ഉം ആണുള്ളത്. ഈ കണക്കുകൾ പറയുമ്പോഴും ഇരുവരുടെയും കളി ശൈലിയും പൊസിഷനും വ്യത്യസ്തമാണ് എന്നും നാം ഓർക്കേണ്ടതുണ്ട്.

മുകളിൽ വിവരിച്ച കണക്കുകൾ രണ്ട് വ്യത്യസ്ത ലീഗുകളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ പിറന്നതാണ് എന്നതിനാൽ ഒരേ പോലെ തുലനം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാം, ഇന്നിൻ്റെ ഫുട്ബോൾ ലോകത്തെ രണ്ട് മഹാരഥന്മാരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ചെറുപ്പക്കാരായ താരങ്ങളെപ്പോലും കവച്ചു വെക്കുന്ന കളിമികവാണ് അവർക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *