ആർതർ-പ്യാനിക്ക് സ്വാപ് ഡീൽ, ബാഴ്സയും യുവന്റസും കരാറിലെത്തി?

ബാഴ്സ മധ്യനിര താരം ആർതറിനെ കൈമാറി യുവന്റസ് താരം മിറാലെം പ്യാനിക്കിനെ ടീമിലെത്തിക്കാനുള്ള ബാഴ്‌സയുടെ ശ്രമങ്ങൾ ഫലം കാണുന്നു. ഇരുടീമുകളും വാക്കാലുള്ള കരാറിലെത്തിയതായി പല പ്രമുഖമാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞു. ഇറ്റാലിയ മാധ്യമമായ ലാ റിപബ്ലിക്കയെ ഉദ്ധരിച്ചു കൊണ്ട് ബ്ലീച്ചർറിപ്പോർട്ട്‌ അടക്കമുള്ളവരാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ജൂൺ മുപ്പതോടെ ഇരുടീമുകളും ഔദ്യോഗികമായി കരാറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.. ഏറെ കാലത്തേ ചർച്ചകൾക്കൊടുവിലാണ് ഇതിന് തീരുമാനമുണ്ടാവുന്നത്. തുടക്കത്തിൽ ബാഴ്സ താരം ആർതർ ഇതിനെ നിശിതമായി എതിർത്തിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം നിലപാട് മയപ്പെടുത്തുകയായിരുന്നു. ക്ലബ്‌ വിട്ട് യുവന്റസിലേക്ക് ചേക്കേറാൻ താരം സമ്മതം മൂളിയതാണ് ഇപ്പോൾ ബാഴ്സക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്.

ഇരുവരുടെയും കാര്യത്തിൽ ഇരുടീമുകളും തീരുമാനത്തിലെത്തിയതായി സ്കൈ സ്പോർട്സ് ഇറ്റാലിയയും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ബാഴ്സയിലേക്ക് മാത്രമേ താൻ പോവുകയൊള്ളൂ എന്ന കാര്യം മുൻപേ പ്യാനിക്ക് യുവന്റസിനെ അറിയിച്ചതാണ്. കൂടാതെ ബാഴ്സയുടെ എല്ലാ വ്യവസ്ഥകളും തുടക്കത്തിലേ താരം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തടസ്സമായി നിന്നത് ആരെ കൈമാറും എന്ന കാര്യത്തിലായിരുന്നു. തുടക്കത്തിൽ ആർതർ വിസമ്മതം അറിയിച്ചപ്പോൾ നെൽസൺ സെമെടോ, സെർജി റോബർട്ടോ എന്നിവരെ യുവന്റസ് ആവിശ്യപെട്ടിരുന്നു. ഇത് ബാഴ്സയും നിരസിച്ചതോടെ ഇത് മുടങ്ങികിടക്കുകയായിരുന്നു. എന്നാൽ യുവന്റസ് ആർതറിന് ഇരട്ടിസാലറി വാഗ്ദാനം ചെയ്തതോടെ താരം സമ്മതം അറിയിക്കുകയായിരുന്നു. അഞ്ച് മില്യൺ പൗണ്ടാണ് ഒരു വർഷത്തിന് താരത്തിന് ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. ഇതോടെ ജൂൺ മുപ്പതിന് മുൻപ് ഇരുക്ലബുകളും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. നിലവിൽ എഴുപത് മില്യൺ യുറോയാണ് പ്യാനിക്കിന്റെ വില. ആർതറിന്റേത് എൺപത് മില്യൺ യുറോയും വരും. ഇതിന്റെയൊക്കെ അവസാനവിശദാംശങ്ങൾ ഉടനെ പുറത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *