ആർതറുടെ മനസ്സ് മാറ്റിയത് ഡാനി ആൽവെസ്

ആർതർ മെലോ – മിറലം പ്യാനിക്ക് സ്വേപ് ഡീൽ ഏതാണ്ട് പൂർത്തിയായി എന്ന തരത്തിലാണ് യൂറോപ്യൻ മാധ്യമങ്ങളിൽ വാർത്ത വരുന്നത്. എഫ്സി ബാഴ്സലോണക്ക് ആർതറിനെ കൈവിട്ട് പ്യാനിക്കിനെ ടീമിലെത്തിക്കാനുള്ള താത്പര്യം നേരത്തെ തന്നെ വെളിവായതാണെങ്കിലും ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കേണ്ടത് ആർതറായിരുന്നു. താൻ ബാഴ്സ വിട്ട് എങ്ങോട്ടുമില്ല എന്നായിരുന്നു താരത്തിൻ്റെ ആദ്യ പ്രഖ്യാപനം. എന്നാലിപ്പോൾ ആർതർ ഈ ഡീലിന് സമ്മതിച്ചെന്നും യുവെൻ്റസിൻ്റെ ഓഫർ സ്വീകരിച്ചെന്നുമാണ് വാർത്തകൾ. സ്വാഭാവികമായും ആർതറുടെ പെട്ടെന്നുള്ള ഈ മനം മാറ്റത്തിൻ്റെ കാരണം എന്താണെന്നറിയാനുള്ള ആകാംക്ഷ ആരാധകർക്കുണ്ട്!

ആർതറിനെ ഈ മാറ്റത്തിന് സമ്മതിപ്പിക്കുന്ന തരത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത് ബ്രസീലിയൻ താരം ഡാനി ആൽവെസാണെന്നാണ് സൂചനകൾ. RAC1 ജേർണലിസ്റ്റ് ജെറാദ് റെമേറോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിയൻ ദേശീയ ടീമിൽ ആർതറുടെ സഹതാരമായ ആൽവെസ് ദീർഘ നാളുകൾ എഫ്സി ബാഴ്സലോണക്കായി കളിച്ചിട്ടുള്ള താരമാണ്. ഒരു സീസണിൽ യുവെൻ്റസിനായും കളിച്ചു. അതുകൊണ്ട് തന്നെ ഇരു ക്ലബ്ബുകളിലും കളിച്ചിട്ടുള്ള ആളെന്ന നിലക്ക് അദ്ദേഹത്തിൻ്റെ ഉപദേശം ആർതർ സ്വീകരിക്കുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏതായാലും ഇരുപത്തിമൂന്നുകാരനായ ആർതറെ കൈവിട്ട് മുപ്പതുകാരനായ പ്യാനിക്കിനെ ബാഴ്സ ടീമിലെത്തിക്കുന്നതിലെ ലോജിക്ക് പലർക്കും പിടികിട്ടിയിട്ടില്ല. അതേ സമയം ഈ ഡീലിൽ ബാഴ്സയുടെ ചെലവിൽ യുവെൻ്റസ് നേട്ടമുണ്ടാക്കുകയാണെന്നാണ് ഫുട്ബോൾ ലോകത്തെ വിദഗ്ധരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *