അഴിമതി, ബർതോമ്യുവിനെതിരെ അന്വേഷണം ആരംഭിച്ച് കറ്റാലൻ പോലീസ് !

എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യുവിനിപ്പോൾ ദുരിതകാലമാണ്. യുവേഫ ചാമ്പ്യൻസ് ലീഗിലെ നാണംകെട്ട തോൽവിയും തുടർന്ന് പരിശീലകനെ പുറത്താക്കലും തുടർന്ന് മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളും ഏറെ തലവേദന സൃഷ്ടിച്ചിരുന്നത് ബർതോമ്യുവിന് ആയിരുന്നു. മെസ്സി ക്ലബ് വിട്ടാൽ ഒരുപക്ഷെ ബർതോമ്യുവിന്റെ പ്രസിഡന്റ്‌ സ്ഥാനം വരെ തെറിക്കുന്നതിന് കാരണമായേക്കാം എന്നും തുടർന്ന് നിയമനടപടികളും നേരിടേണ്ടി വന്നേക്കാം എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മെസ്സിയുടെ പ്രശ്നം ഏകദേശം പരിഹരിച്ച മട്ടാണ്. ഈ വരുന്ന ഒരു സീസൺ കൂടി മെസ്സി ബാഴ്സയിൽ തുടരാൻ സമ്മതിച്ചു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഇതിനിടെ പ്രസിഡന്റിന് തിരിച്ചടിയായി കൊണ്ട് പുതിയ അഴിമതി കേസ് പുറത്തു വന്നിരിക്കുകയാണ്. ബാഴ്സ ബോർഡും പ്രസിഡന്റുമാണ് ഈ പുതിയ അഴിമതി ആരോപണത്തിൽ പ്രതികൾ എന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ എൽ മുണ്ടോയാണ് ഈ വാർത്തയുടെ ഉറവിടം.

എഫ്സി ബാഴ്സലോണയുടെ സോഷ്യൽ മീഡിയ വർക്കുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് ബർതോമ്യുവിന് നേരെ ഇപ്പോൾ ഉയർന്നിരിക്കുന്നത്. മാത്രമല്ല ഈ കാര്യത്തിൽ കറ്റാലൻ പോലീസ് അന്വേഷണം ആരംഭിച്ചതായും എൽ മുണ്ടോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ബാഴ്സലോണയുടെ പിആർ വർക്കിന് വേണ്ടിയും സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യാൻ വേണ്ടിയും പതിമൂന്ന് വിഭാഗക്കാരെ ബാഴ്സ ബോർഡും പ്രസിഡന്റും നിയമിച്ചിരുന്നു എന്നാണ് പ്രാഥമികവിവരങ്ങൾ. പ്രശ്നം എന്തെന്നാൽ ഇവർക്ക് പണമായി നൽകിയത് അനുവദിച്ചതിലും 600 ശതമാനം കൂടുതലാണ്. ഇതാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. സാമ്പത്തികപരമായ ഇടപാടുകളിലെ അപാകതകൾ തന്നെയാണ് ബർതോമ്യുവിനെതിരെ ഉയർന്നു വന്നിരിക്കുന്നത്. ഏതായാലും കൂടുതൽ അന്വേഷണങ്ങൾ ഉടനടി നടക്കുകയും നടപടികൾ പിറകെ കൈക്കൊള്ളുകയും ചെയ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *