അരൗഹോയെ ഒഴിവാക്കാൻ തയ്യാറായി എഫ്സി ബാഴ്സലോണ!

ബാഴ്സലോണയുടെ പ്രതിരോധനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഉറുഗ്വൻ താരമായ റൊണാൾഡ് അരൗഹോ.ക്ലബ്ബിനുവേണ്ടി സ്ഥിരതയാർന്ന പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.അത്കൊണ്ട് തന്നെ താരത്തെ വിൽക്കാൻ ബാഴ്സലോണ തയ്യാറായിരുന്നില്ല.എന്നാൽ തങ്ങളുടെ തീരുമാനങ്ങളിൽ ഇപ്പോൾ ബാഴ്സലോണ മാറ്റം വരുത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് സ്പാനിഷ് മാധ്യമമായ സ്പോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ കൈവിടാൻ ബാഴ്സലോണ ഒരുക്കമാണ്. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അതിന്റെ പ്രധാനപ്പെട്ട കാരണം. നിലവിൽ വളരെയധികം മാർക്കറ്റ് വാല്യൂ ഉള്ള താരമാണ് അരൗഹോ. ഇപ്പോൾ അദ്ദേഹത്തെ ഏതെങ്കിലും ക്ലബ്ബിന് നൽകിക്കഴിഞ്ഞാൽ അത് സാമ്പത്തികപരമായി തങ്ങളെ വളരെയധികം സഹായിക്കും എന്നാണ് ബാഴ്സലോണ വിശ്വസിക്കുന്നത്.

പക്ഷേ താരത്തിന് വേണ്ടി വലിയ തുക ബാഴ്സലോണ ആവശ്യപ്പെടും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല. ബാഴ്സലോണയുടെ 17 കാരനായ കുബാർസി തകർപ്പൻ പ്രകടനമാണ് ക്ലബ്ബിന്റെ പ്രതിരോധനിരയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടുകൂടിയാണ് അരൗഹോയെ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറിയാലും കുഴപ്പമില്ല എന്ന നിലപാടിലേക്ക് ബാഴ്സ എത്തിയത്. മാത്രമല്ല പിഎസ്ജിക്കെതിരെയുള്ള മത്സരത്തിൽ ഈ താരം റെഡ് കാർഡ് കണ്ടത് ബാഴ്സയുടെ തോൽവിയിലേക്കും പുറത്താവലിലേക്കും നയിച്ചിരുന്നു. കൂടാതെ ഗുണ്ടോഗനുമായി ചില വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.ഇതൊക്കെ താരത്തിന് തിരിച്ചടിയായി എന്നും റിപ്പോർട്ട് കാണിക്കുന്നുണ്ട്.

ബയേൺ മ്യൂണിക്ക് നേരത്തെ താരത്തിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു.കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർക്കൊക്കെ വലിയ താല്പര്യമുണ്ട്. 100 മില്യൺ യുറോ എങ്കിലും താരത്തിനു വേണ്ടി ലഭിക്കണം എന്ന നിലപാടിലാണ് ബാഴ്സലോണ ഉള്ളത്.താരത്തിന് വേണ്ടി ഇത്രയും തുക ആരെങ്കിലും മുടക്കാൻ തയ്യാറാകുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!