മധ്യനിരയിൽ ഇനിയും സംശയം ബാക്കി, പരാഗ്വക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ഈ മാസത്തെ ആദ്യ മത്സരത്തിൽ അർജന്റീന നാളെ പരാഗ്വയെ നേരിടാനൊരുങ്ങുകയാണ്.ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30-നാണ് മത്സരം അരങ്ങേറുക. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനങ്ങളും തയ്യാറെടുപ്പുകളുമെല്ലാം പരിശീലകൻ സ്കലോണിയുടെ അർജന്റീന പൂർത്തിയാക്കിയിട്ടുണ്ട്. പരാഗ്വക്കെതിരെയുള്ള സാധ്യത ഇലവൻ അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന മത്സരങ്ങളിലെ ഇലവനിൽ നിന്നും വലിയ തോതിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. മധ്യനിരയിലെ ചില സംശയങ്ങൾ മാറ്റിനിർത്തിയാൽ സ്കലോണി വ്യക്തമായ ഇലവനെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഗോൾകീപ്പറായി ഫ്രാങ്കോ അർമാനിയെ തന്നെയാണ് സ്കലോണി കണ്ടുവെച്ചിട്ടുള്ളത്.

പ്രതിരോധനിരയിൽ ഗോൺസാലോ മോന്റിയേൽ ഉണ്ടാവുമെന്നുറപ്പാണ്. അതേസമയം വൈകിയെത്തിയ ലുക്കാസ് മാർട്ടിനെസ് ക്വട്രയെ സ്കലോണി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ഇരുവർക്കുമൊപ്പം നിക്കോളാസ് ഓട്ടമെന്റി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരായിരിക്കും അണിനിരക്കുക. പ്രതിരോധനിരയിൽ ഈ നാലു പേരിൽ മാറ്റങ്ങൾ വരുത്താൻ സാധ്യത കുറവാണ്. മധ്യനിരയിൽ ലിയാൻഡ്രോ പരേഡസ് സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്കായി മൂന്ന് പേരുണ്ട് എന്നുള്ളത് സ്കലോണിയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. റോഡ്രിഗോ ഡി പോൾ, എക്‌സ്ക്വിയൽ പലാസിയോസ്, ജിയോവാനി ലോ സെൽസോ എന്നിവരാണ് ഈ സ്ഥാനത്തേക്കുള്ളത്. ഈ കഴിഞ്ഞ ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ ഡിപോൾ, പലാസിയോസ്, പരേഡസ് എന്നിവരായിരുന്നു ഇറങ്ങിയിരുന്നത്. ഇനി സ്കലോണി ലോ സെൽസോക്ക്‌ സ്ഥാനം നൽകുമോ എന്ന് കണ്ടറിയണം. മുന്നേറ്റനിരയിൽ ലുകാസ് ഒകമ്പസ്, മെസ്സി, ലൗറ്ററോ എന്നിവരാണ് അണിനിരക്കാറുള്ളത്. എന്നാൽ ലൗറ്ററോക്ക്‌ ഇഞ്ചുറി മൂലം മത്സരം നഷ്ടമാവുകയാണെങ്കിൽ ലുകാസ് അലാരിയോ കളിച്ചേക്കും. കൂടാതെ ഒകമ്പസിനെ സ്കലോണി തഴയുകയാണെങ്കിൽ ഡിമരിയയും ആ സ്ഥാനത്തേക്ക്‌ കടന്നു വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *