CR7നേക്കാൾ പ്രതിഭയുള്ളത് മെസ്സിക്ക്, അദ്ദേഹമാണ് GOAT :റൂണി
5 വർഷക്കാലം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചവരാണ് വെയ്ൻ റൂണിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ആ കാലയളവിൽ പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വെയ്ൻ റൂണി പരിശീലക വേഷത്തിലാണ് ഉള്ളത്. അതേസമയം 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്.
ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരം ലയണൽ മെസ്സിയാണ് എന്നത് നേരത്തെ തന്നെ റൂണി തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്.അത് ഒരിക്കൽ കൂടി അദ്ദേഹം ഇപ്പോൾ ആവർത്തിച്ചിട്ടുണ്ട്. കൂടുതൽ കഴിവും പ്രതിഭയും ഉള്ളത് ലയണൽ മെസ്സിക്കാണെന്നും അദ്ദേഹമാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്നുമാണ് റൂണി പറഞ്ഞിട്ടുള്ളത്.ദി ഓവർലാപ് എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റൂണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” എന്നെ സംബന്ധിച്ചിടത്തോളം മികച്ച താരം മെസ്സിയാണ്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്. എന്തുകൊണ്ടാണ് നിങ്ങൾ മെസ്സിക്കൊപ്പം നിൽക്കുന്നത്? റൊണാൾഡോയാണ് ഏറ്റവും മികച്ച താരം എന്ന് അവകാശപ്പെട്ടു കൊണ്ട് പലരും എന്നോട് വാദിക്കാറുണ്ട്. ആളുകൾക്ക് മെസ്സിയെന്നോ റൊണാൾഡോയെന്നോ പറയാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്.കാരണം രണ്ടുപേരും അസാധാരണമായ താരങ്ങളാണ്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് അവർ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയാണ് ഗോട്ട്. കാരണം റൊണാൾഡോയെക്കാൾ കൂടുതൽ പ്രതിഭയും കഴിവും അദ്ദേഹത്തിനാണ് ഉള്ളത് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്
38 കാരനായ റൂണി കഴിഞ്ഞ സീസണിൽ ബിർമിങ്ഹാമിനെയായിരുന്നു പരിശീലിപ്പിച്ചിരുന്നത്.എന്നാൽ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം നഷ്ടമാവുകയായിരുന്നു. നിലവിൽ മറ്റൊരു ക്ലബ്ബായ പ്ലേ മൗത്തിനെ പരിശീലിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഇംഗ്ലീഷ് ഇതിഹാസം ഉള്ളത്.