CR7ന്റെ അടുത്ത് നിന്ന് പോരുന്ന ഓരോ സമയത്തും ഞാൻ കൂടുതൽ ധനികനാകും:ഡാലോട്ട് വിശദീകരിക്കുന്നു!
ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പോർച്ചുഗൽ ദേശീയ ടീമിൽ കളിക്കുന്ന താരമാണ് ഡിയഗോ ഡാലോട്ട്.ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെച്ചുകൊണ്ടും ഒരുമിച്ച് കളിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഡാലോട്ട്. 25കാരനായ ഈ താരം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 24 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. റൊണാൾഡോയും ഡാലോട്ടും ഒന്നര സീസണാണ് യുണൈറ്റഡിൽ ചിലവഴിച്ചിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ ഡാലോട്ട് TNT സ്പോർട്സിനോട് പറഞ്ഞിട്ടുണ്ട്.അതായത് റൊണാൾഡോയുടെ അടുത്ത് നിന്ന് പോരുന്ന ഓരോ സമയത്തും താൻ കൂടുതൽ ധനികനാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പണം കൊണ്ടല്ല, മറിച്ച് അറിവുകൊണ്ടും പരിചയ സമ്പത്തുകൊണ്ടുമാണ് താൻ ധനികനാവുന്നത് എന്നും ഡാലോട്ട് വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിച്ചിട്ടുണ്ട്.റൊണാൾഡോയുടെ അടുത്തുനിന്ന് പോരുന്ന ഓരോ സമയത്തും കൂടുതൽ ധനികനായി കൊണ്ടാണ് എനിക്ക് അനുഭവപ്പെടുക.ഞാൻ പണത്തിന്റെ കാര്യമല്ല പറയുന്നത്. എനിക്ക് റൊണാൾഡോ പണമൊന്നും നൽകുന്നില്ല.മറിച്ച് പേഴ്സണൽ വൈസ്സിലാണ് ഞാൻ ഇതൊക്കെ പറയുന്നത്.നമ്മൾ റൊണാൾഡോക്കൊപ്പം വളരെയധികം കംഫർട്ടബിൾ ആയിരിക്കും. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിൽ ഉണ്ടാകും ” ഇതാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്.
39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് ഈ സീസണിലും പുറത്തെടുക്കുന്നത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ സീസണിൽ മാത്രമായി അദ്ദേഹം നേടിയിട്ടുണ്ട്.900 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ആയിരം ഗോളുകൾ ലക്ഷ്യം വച്ചുകൊണ്ടാണ് അദ്ദേഹം മുന്നേറുന്നത്.