1000 ഗോളുകൾ നേടാൻ കഴിയില്ല,ക്രിസ്റ്റ്യാനോയുടെ കരിയർ അവസാനിച്ചിട്ടുണ്ട്: മുൻ ലിവർപൂൾ താരം പറയുന്നു!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 12 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.നേരത്തെ 900 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ആയിരം ഗോളുകൾ നേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റൊണാൾഡോ ഇപ്പോൾ മുന്നോട്ടുപോകുന്നത്.
എന്നാൽ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് ലിവർപൂൾ താരമായിരുന്ന ഡയറ്റ്മർ ഹമാൻ രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോയുടെ കരിയർ ഏറെക്കുറെ അവസാനിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ആയിരം ഗോളുകൾ പൂർത്തിയാക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്നുമാണ് ഹമാൻ പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോ ടീമിന് വേണ്ടി കളിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.മുൻ ലിവർപൂര്‍ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയർ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന് തന്നെ മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് സ്കോട്ട് ലാൻഡിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം മോശമായ രൂപത്തിൽ റിയാക്ട് ചെയ്തത്.അദ്ദേഹത്തിന്റെ ഈഗോയാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന ഒരു താരമാക്കി മാറ്റിയത്. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ ചേഷ്ടകൾ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒന്നാണ്. പോർച്ചുഗലിന്റെ താൽപര്യങ്ങളെക്കാൾ കൂടുതൽ സ്വന്തം താല്പര്യങ്ങൾക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻഗണന നൽകുന്നത്.നേഷൻസ് ലീഗിൽ റൊണാൾഡോ നാലു ഗോളുകൾ നേടി.പക്ഷേ അത് പോർച്ചുഗലിനെ മികച്ച ടീമാക്കി മാറ്റുന്നില്ല.റൊണാൾഡോ ഇല്ലെങ്കിലും അവർക്ക് വിജയിക്കാൻ കഴിയും. സ്വന്തം താല്പര്യങ്ങൾക്ക് മുൻഗണന നൽകാതെ ടീമിന്റെ താല്പര്യങ്ങൾക്ക് മുൻഗണന നൽകാൻ റൊണാൾഡോ ഇനിയെങ്കിലും ശ്രമിക്കണം.ക്രിസ്റ്റ്യാനോ ആയിരം ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അത്ഭുതമായിരിക്കും. അതിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിയും എന്ന് ഞാൻ കരുതുന്നില്ല ” ഇതാണ് മുൻ ലിവർപൂൾ താരം പറഞ്ഞിട്ടുള്ളത്.
അടുത്ത ഫെബ്രുവരിയോട് കൂടി 40 വയസ്സ് റൊണാൾഡോക്ക് പൂർത്തിയാകും.വരുന്ന വേൾഡ് കപ്പ് കളിക്കാനും റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട്.ആയിരം ഗോളുകൾ പൂർത്തിയാക്കാതെ അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കാൻ സാധ്യത കുറവാണ്.