ഹോളണ്ടിനെതിരെയുള്ള മാരക അസിസ്റ്റ് ആദ്യത്തേതല്ല,’കുഞ്ഞു മെസ്സി’ നേരത്തെ ചെയ്തതിന്റെ തനിയാവർത്തനം ,വൈറലായി വീഡിയോ!

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റീനയുടെ ദേശീയ ടീമുള്ളത്. എതിരാളികൾ യൂറോപ്പ്യൻ കരുത്തരായ ഫ്രാൻസ് ആണ്. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈ മത്സരം അരങ്ങേറുക. ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീനക്ക് കിരീടം ഉയർത്താൻ കഴിയുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നുണ്ട്.

ലയണൽ മെസ്സി തന്നെയാണ് അർജന്റീനയെ ഇതുവരെ മുന്നിൽ നിന്ന് നയിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ അർജന്റീന പരാജയപ്പെട്ടുവെങ്കിലും പിന്നീട് ലയണൽ മെസ്സിയുടെ ചിറകിലേറിക്കൊണ്ട് അർജന്റീന ഫൈനൽ വരെ കുതിക്കുകയായിരുന്നു.5 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇതുവരെ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനും വേണ്ടിയുള്ള പോരാട്ടത്തിൽ മെസ്സി തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്.

ഹോളണ്ടിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം മെസ്സി നടത്തിയിരുന്നു. പ്രത്യേകിച്ച് ആദ്യ ഗോൾ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു മൊളീന നേടിയിരുന്നത്.വളരെ സുന്ദരമായ ഒരു അസിസ്റ്റ് ആയിരുന്നു മെസ്സി സ്വന്തമാക്കിയിരുന്നത്.

ഡിഫന്റർമാരെ വെട്ടിയൊഴിഞ്ഞ് വന്ന മെസ്സി നതാൻ അക്കെയുടെ കാലിനിടയിലൂടെ മൊളീനക്ക് ആ പന്ത് എത്തിക്കുകയായിരുന്നു. മെസ്സിയുടെ വിഷൻ തെളിയിക്കുന്ന ഒരു ഗോൾ ആയിരുന്നു ആ പറഞ്ഞിരുന്നത്. എന്നാൽ ഇത് ആദ്യമായിട്ടൊന്നുമല്ല മെസ്സി നടപ്പിലാക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇതിനോട് വളരെയധികം സാമ്യം പുലർത്തുന്ന ഒരു അസിസ്റ്റ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.

അതിന്റെ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്. ചെറിയ കുട്ടിയായിരുന്ന മെസ്സി അപാരമായ പന്തടക്കത്തോടെ കൂടി മുന്നേറി സുന്ദരമായ അസിസ്റ്റ് നൽകുകയായിരുന്നു. അതിന്റെ തനി ആവർത്തനമാണ് ഇപ്പോൾ വർഷങ്ങൾക്കിപ്പുറം വേൾഡ് കപ്പിന്റെ വേദിയിൽ പിറന്നിരിക്കുന്നത്. ലയണൽ മെസ്സിയുടെ മികവിന് അന്നും ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് നമുക്ക് ഇതിൽ നിന്നും വളരെ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *