സൗദിയോട് തോറ്റ ദിവസം മെസ്സിയുടെ നോട്ട്ബുക്കിൽ എഴുതിയത്: തുറന്ന് പറഞ്ഞ് ഡി പോൾ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒരു അപ്രതീക്ഷിത തിരിച്ചടിയായിരുന്നു അർജന്റീനക്ക് ഏൽക്കേണ്ടി വന്നിരുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ദുർബലരായ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെടുകയായിരുന്നു. വലിയ ആഘാതമായിരുന്നു ആരാധകർക്ക് ആ തോൽവി ഏൽപ്പിച്ചിരുന്നത്. പക്ഷേ പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവന്ന അർജന്റീന ഖത്തറിൽ നിന്നും കിരീടം ഉയർത്തിക്കൊണ്ടാണ് മടങ്ങിയത്.

ലയണൽ മെസ്സിയോട് വളരെയധികം അടുത്ത ബന്ധം വച്ചുപുലർത്തുന്ന സുഹൃത്താണ് റോഡ്രിഗോ ഡി പോൾ. സൗദി അറേബ്യയോട് പരാജയപ്പെട്ടതിനു ശേഷം മെസ്സിയുടെ നോട്ടുബുക്കിൽ താൻ എഴുതിയ ചില കാര്യങ്ങൾ ഇപ്പോൾ ഡി പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ പതിനെട്ടാം തീയതി നമ്മൾ വേൾഡ് കപ്പ് കിരീടം നേടും എന്നായിരുന്നു താൻ മെസ്സിയുടെ നോട്ടുബുക്കിൽ എഴുതിയിരുന്നത് എന്നാണ് ഡി പോൾ വെളിപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അദ്ദേഹത്തിന്റെ നോട്ടുബുക്കിൽ ഡേറ്റ് രേഖപ്പെടുത്തി. ഡിസംബർ പതിനെട്ടാം തീയതി നമ്മൾ വേൾഡ് കപ്പ് നേടുമെന്നും ഞാൻ അതിൽ കുറിച്ചു.പുസ്തകത്തിന്റെ അവസാന പേജുകളിൽ ഒന്നിലായിരുന്നു അത്.അതുകൊണ്ടുതന്നെ മെസ്സി അപ്പോൾ കണ്ടിരുന്നില്ല.പ്രീ ക്വാർട്ടർ മത്സരം കഴിഞ്ഞതിന് പിന്നാലെ ഞാൻ മെസ്സിയോട് പറഞ്ഞു,നിങ്ങളുടെ നോട്ടുബുക്കിൽ ഞാൻ ഒരു കാര്യം എഴുതിവെച്ചിട്ടുണ്ട് എന്നുള്ളത്.അതുകണ്ട് മെസ്സി ഹാപ്പി ആകും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്.എന്നാൽ അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്.മെസ്സിക്ക് ഭയമായിരുന്നു.ഞാൻ മെസ്സിയോട് സോറി പറയുകയും ചെയ്തു. പിന്നീട് ആ നോട്ടുബുക്ക് ഖത്തർ യൂണിവേഴ്സിറ്റിയിൽ തന്നെ മെസ്സി ഉപേക്ഷിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത് ” ഇതാണ് ഡി പോൾ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

പ്രതിസന്ധികളെയെല്ലാം അതിജീവിച്ചുകൊണ്ട് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇനി അർജന്റീന തങ്ങളുടെ അടുത്ത സൗഹൃദ മത്സരത്തിൽ കുറസാവോയെയാണ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *