സ്കോട്ട്ലാന്റിനെ തരിപ്പണമാക്കി ജർമ്മനി,മെസ്സിയുടെയും ലൗറ്ററോയുടെയും മികവിൽ അർജന്റീന!
ഇന്നലെ യൂറോ കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഹോസ്റ്റിങ്ങ് കൺട്രിയായ ജർമ്മനി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 5 ഗോളുകൾക്കാണ് ജർമ്മനി സ്കോട്ട്ലാന്റിനെ പരാജയപ്പെടുത്തിയത്. ജർമ്മനിക്ക് വേണ്ടി യുവ സൂപ്പർതാരങ്ങൾ മിന്നുന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ജർമ്മനിക്ക് വെല്ലുവിളി ഉയർത്താൻ സ്കോട്ടിഷ് പടക്ക് സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.
മത്സരത്തിന്റെ പത്താം മിനിറ്റിൽ വിർട്സ് ജർമ്മനിക്ക് ലീഡ് നേടിക്കൊടുത്തു. പിന്നീട് 19ആം മിനുട്ടിൽ മുസിയാലയുടെ ഗോൾ പിറന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്നേ സ്കോട്ടിഷ് താരം റയാൻ റെഡ് കാർഡ് പുറത്തുപോയത് അവർക്ക് തിരിച്ചടിയാവുകയായിരുന്നു. തൊട്ടു പിന്നാലെ ഹാവർട്സിന്റെ പെനാൽറ്റിയും ഗോളായി മാറി. രണ്ടാം പകുതിയിൽ ഫുൾക്രഗ്,ചാൻ എന്നിവർ ഗോളുകൾ നേടിയതോടെ സ്കോട്ടിഷ് പട നാണം കെടുകയായിരുന്നു.റൂഡിഗറുടെ സെൽഫ് ഗോൾ മാത്രമാണ് അവർക്ക് ആശ്വാസമായത്.
അതേസമയം ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ അർജന്റീന തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന ഗ്വാട്ടിമാലയേ പരാജയപ്പെടുത്തിയത്.ഒരു ഗോൾ വഴങ്ങിയതിനുശേഷമാണ് അർജന്റീന തിരിച്ചടിച്ചത്.ലയണൽ മെസ്സി,ലൗറ്ററോ എന്നിവരാണ് മത്സരത്തിൽ തിളങ്ങിയത്.

രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലിസാൻഡ്രോ മാർട്ടിനസ് സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ എതിർ ഗോൾ കീപ്പറുടെ പിഴവിൽ നിന്നും മെസ്സി പന്ത്രണ്ടാം മിനിറ്റിൽ അർജന്റീനക്ക് വേണ്ടി സമനില നേടി. പിന്നീട് 39ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സി ലൗറ്ററോക്ക് നൽകുകയും അദ്ദേഹം അത് ഗോളാക്കി മാറ്റുകയും ചെയ്തു.66ആം മിനുട്ടിൽ ലൗറ്ററോ വീണ്ടും ഗോൾ നേടി. മെസ്സി തന്നെ അദ്ദേഹത്തെ കൊണ്ട് ഗോൾ അടിപ്പിക്കുകയായിരുന്നു. പിന്നീട് 77ആം മിനുട്ടിൽ ഡി മരിയയുടെ അസിസ്റ്റിൽ നിന്ന് മെസ്സി ഗോൾ നേടിയതോടെ ഗോൾ പട്ടിക പൂർത്തിയാവുകയായിരുന്നു.