സ്കലോണിയും ടാപ്പിയയും അമേരിക്കയിൽ,മഞ്ഞുരുകുമെന്ന പ്രതീക്ഷയോടെ അർജന്റീന!

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ അതിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി നടത്തിയ പ്രസ്താവന ആരാധകരെ വളരെയധികം ആശങ്കയിലാഴ്ത്തി. അർജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും താൻ രാജിവെച്ചേക്കുമെന്ന ഒരു സൂചനയാണ് ഈ പരിശീലകൻ നൽകിയിരുന്നത്. അതിനുശേഷം അദ്ദേഹമോ അതല്ലെങ്കിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനോ അതുമായി ബന്ധപ്പെട്ടുകൊണ്ട് പ്രതികരിച്ചിട്ടില്ല.

ലയണൽ സ്‌കലോണിയുടെ ഈ പ്രസ്താവനക്ക് ശേഷം അദ്ദേഹവും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ആയ ക്ലോഡിയോ ടാപ്പിയയും തമ്മിൽ സംസാരിച്ചിട്ടില്ല. ഇവർ തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് ഈയൊരു പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നാണ് സൂചനകൾ. പക്ഷേ രണ്ടുപേരും ഉടൻതന്നെ ഈ വിഷയത്തിൽ ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്. എന്തെന്നാൽ വരുന്ന ഏഴാം തീയതിയാണ് കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് അരങ്ങേറുന്നത്.

അമേരിക്കയിലെ മയാമിയിൽ വച്ചുകൊണ്ടാണ് ഈ നറുക്കെടുപ്പ് നടക്കുന്നത്. അതിനുവേണ്ടി ടാപ്പിയ ഇപ്പോൾ മയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട്. അതിനു മുന്നേ തന്നെ ലയണൽ സ്കലോണിയും കുടുംബവും അമേരിക്കയിൽ എത്തിയിട്ടുണ്ട്. കോപ്പ അമേരിക്കയുടെ നറുക്കെടുപ്പ് ചടങ്ങിൽ ഈ രണ്ടുപേരും പങ്കെടുത്തേക്കും എന്ന് തന്നെയാണ് ഇപ്പോൾ നമുക്ക് പറയാൻ സാധിക്കുന്നത്. അതിന് മുന്നേ തന്നെ ഇവർ തമ്മിൽ ചർച്ചകൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ട്.

സ്‌കലോണിയുടെ ഭാവിയെ കുറിച്ചാണ് ചർച്ചകൾ നടക്കുക. അദ്ദേഹത്തെ കൈവിടാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഉദ്ദേശിക്കുന്നുണ്ടാവില്ല. പക്ഷേ തനിക്കും കോച്ചിംഗ് സ്റ്റാഫിനും അർഹിച്ച പരിഗണന ലഭിക്കാത്തത് സ്‌കലോണിയെ മടുപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾ പരിഹരിച്ച് അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ തന്നെയായിരിക്കും അസോസിയേഷന്റെ ഭാഗത്ത് നിന്നുണ്ടാവുക.സ്‌കലോണി ഉടൻ രാജിവെക്കില്ല എന്നത് വ്യക്തമാണ്. അദ്ദേഹം കോപ്പ അമേരിക്കക്ക് ശേഷം ടീം വിടുമോ അതല്ലെങ്കിൽ 2026 വരെയുള്ള തന്റെ കോൺട്രാക്ട് പൂർത്തിയാക്കുമോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *